ബിറ്റ്കോയിന്‍ കുട്ടി എറിക് ഫിന്‍മാനെ പരിചയപ്പെടാം
എറിക് ഫിന്മാന് ഈ പേര് നിങ്ങള് കേട്ടിട്ടുണ്ടോ? ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ ബിറ്റ്കോയിന് മില്യനിയറാണ് എറിക് ഫിന്മാന്. എറിക്കിന് ഇപ്പോള് 19 വയസാണുള്ളത്. യു എസ്സ് നഗരമായ സാന്ഫ്രാന്സിസ്കോയിലെ ഒരു സാധാരണ സ്കൂള് വിദ്യാര്ത്ഥിയില് നിന്ന് ഡോളറുകള് അമ്മാനമാടുന്ന കോടീശ്വരനിലേക്കുള്ള വളര്ച്ച നേടിയ എറികിനെപ്പറ്റിയുളള ലേഖനം കഴിഞ്ഞ ദിവസം ദി ഗാര്ഡിയന് പ്രസിദ്ധീകരിക്കുകയുണ്ടായി.
കൗമാരക്കാരനായ എറികിന് ആദ്യമായി ബിറ്റ്കോയിന് ലഭിക്കുന്നത് തന്റെ പന്ത്രണ്ടാം വയസ്സിലാണ്. മുത്തശ്ശിയില് നിന്നാണ് അവന് ബിറ്റ്കോയിന് ലഭിക്കുന്നത്. എന്നാല് അവന് ബിറ്റ്കോയിന്റെ ലാഭവിഹിതത്തെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്, യുഎസ്സിലെ വാള് സ്ട്രീറ്റ് സമരത്തിലേക്ക് മുതിര്ന്ന സഹോദരന് അവനെ കൂട്ടിക്കൊണ്ട് പോയതുമുതലാണ്. പത്ത് ഡോളര് നല്കി എറിക് തന്റെ ആദ്യ ബിറ്റ്കോയിന് വാങ്ങിയത് ആ സമരത്തിനിടെയാണ്. അവിടം മുതല് എറിക്, ബിറ്റ്കോയിന് ഉള്പ്പെടെയുളള ക്രിപ്റ്റോകറന്സികളുടെ മായാവലയത്തില് വീഴുകയായിരുന്നു.
കുറച്ച് വര്ഷങ്ങള്ക്ക് ശേഷം കൈവശമുളള ബിറ്റ്കോയിന്റെ മൂല്യം ഇരട്ടിച്ച് 1,100 ഡോളറിനടുത്തെത്തിയിരുന്നു. പതിനഞ്ചാം വയസ്സില്100 ഡോളറിന് തുല്യമായി മൂല്യമുളള ബിറ്റ്കോയില് വിറ്റഴിച്ചു. ഈ പണമുപയോഗിച്ച് അവന് ഒരു പുതുസംരംഭം തുടങ്ങി. ബോട്ട്ആങ്കിള് എന്ന പേരിലുളള ഒരു ഓണ്ലൈന് എഡ്യൂക്കേഷണല് ബിസിനസാണ് എറിക്ക് തുടങ്ങിയത്. വീഡിയോ ചാറ്റിലൂടെ പാഠഭാഗങ്ങള് വിദ്യാര്ത്ഥികള്ക്കായി പകര്ന്നു നല്കുന്ന ഓണ്ലൈന് പ്ലാറ്റ്ഫോമായിരുന്നു അത്.
തനിക്ക് സ്കൂളില് അദ്ധ്യാപകരില് നിന്ന് നേരിട്ട മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു സംരംഭം എറിക് തുടങ്ങിയത്. സ്കൂളില് നിന്ന് പുറത്ത് പോകുന്നതാണ് നല്ലതെന്ന് ഒരു ദിവസം അദ്ധ്യാപകരില് ഒരാള് അവനോട് പറഞ്ഞു. തുടര്ന്ന്, പഠിക്കാന് പോകാനുളള മടി കാരണം അവന് മാതാപിതാക്കളോട് ഒരു പന്തയം വച്ചു. 18 വയസ്സ് തികയുന്നതിന് മുന്പ് അവന് ഒരു മില്യണ് യുഎസ് ഡോളര് സമ്പാദിച്ച് കാണിക്കാമെന്ന്. ആ പന്തയത്തില് എറിക് വിജയിക്കുകയും ചെയ്തു. അതിനാല് അവന് പിന്നീട് സ്കൂളിന്റെയോ കോളേജിന്റെയോ പടി കയറിയിട്ടില്ല.
ഒരു വര്ഷത്തിന് ശേഷം എറിക് വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് എത്താന് കാരണമായത് ഒരു ഇസ്റ്റാഗ്രാം പോസ്റ്റാണ്. "ബിറ്റ്കോയിനെ ആപേക്ഷിച്ച് പണത്തിന് വലിയ വിലയൊന്നുമില്ലെന്നും അതിനാല് ഞാന് അതിലാണ് കിടന്നുറങ്ങുന്നതെന്നും അവന് ഇന്സ്റ്റഗ്രാമില് കുറിച്ചു. ഒപ്പം ഡോളറുകള് പുതച്ചുറങ്ങുന്ന എറികിന്റെ ചിത്രം ഇപ്പോള് യുഎസില് മുഴുവന് വലിയ ചര്ച്ചയായിരിക്കുകയാണ്. മറ്റൊരു പോസ്റ്റില് സിഗരറ്റ് പോലെ എന്തോ ഒന്ന് ആസ്വദിച്ചിരിക്കുന്ന എറിക്കിന്റെ ചിത്രം. താന് വലിക്കുന്നത് സിഗരറ്റല്ലെന്നും അത് വെറും പേപ്പര് മാത്രമാണെന്നുും തന്റെ പേസ്റ്റിന്റെ കമന്റ് ബോക്സില് എറിക് കുറിക്കുന്നു. നിറയെ പണവും ഒരുപാട് സുന്ദരികളായ സ്ത്രീകളും അടുത്ത് വേണമെന്ന് തുടങ്ങുന്ന പോസ്റ്റിന് നിരവധി തമാശ പ്രതികരണങ്ങളാണ് എത്തിയത്.
