ദില്ലി: നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ഒടുവില്‍ പഴയ ഉടമകള്‍ തന്നെ തയ്യാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. 1953ല്‍ ദേശസാത്കരിക്കുന്നതിന് മുമ്പ് വരെ എയര്‍ ഇന്ത്യയുടെ ഉടമകളായിരുന്ന ടാറ്റാ ഗ്രൂപ്പിലേക്ക് തന്നെ എയര്‍ ഇന്ത്യ തിരികെയെത്താനുള്ള സാധ്യതകളുണ്ടെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടാറ്റാ ഗ്രൂപ്പിലെ ഉന്നതരില്‍ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് ഇക്കണോമിക്സ് ടൈംസിന്റെ റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സര്‍ക്കാറുമായി ഔദ്ദ്യോഗിക ചര്‍ച്ച നടത്തിയെന്നാണ് വിവരം. 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെ കമ്പനിയെ സ്വന്തമാക്കാമെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. 

ഭീമമായ നഷ്ടത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള എല്ലാ വഴികളും തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും. 52,000 കോടിക്ക് മുകളിലുള്ള ഭീമമായ കടബാധ്യതയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യക്കുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 30,000 കോടി രൂപയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. ഇതില്‍ 24,000 കോടി എയര്‍ ഇന്ത്യക്ക് സര്‍ക്കാര്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. പൊതുഖജനാവിലെ പണം ചിലവഴിച്ച് ഇങ്ങനെ എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാറുള്ളവരെ അന്വേഷിക്കുന്നതിനിടെയാണ് സന്നദ്ധത അറിയിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്തെത്തുന്നത്.

മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയിലും സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിക്കുന്ന വിസ്റ്റാറ എയര്‍ലൈനിലും ഇപ്പോള്‍ തന്നെ ടാറ്റാ ഗ്രൂപ്പിന് പ്രാധിനിത്യമുണ്ട്. 1932ല്‍ ടാറ്റാ ഗ്രൂപ്പ് തലവനായിരുന്ന ജെ.ആര്‍.ഡി ടാറ്റയാണ് എയര്‍ ഇന്ത്യക്ക് തുടക്കം കുറിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം 1948ല്‍ സര്‍ക്കാര്‍ സഹകരണത്തോടെ വിദേശത്തേക്ക് വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ദേശസാത്കരിച്ചത്.