ടാറ്റ- മിസ്ത്രി നിയമയുദ്ധം മുറുകുന്നു. ടാറ്റ സൺസ് ഗ്രൂപ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മിസ്ത്രി കുടുംബം സമർപ്പിച്ച ഹർജി ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രിബ്യൂണൽ ഫയലിൽ സ്വീകരിച്ചു. ടാറ്റ സൺസിനെ പ്രൈവറ്റ് കന്പനിയാക്കാനുള്ള തീരുമാനത്തിനിടെയാണ് നടപടി.
ടാറ്റ സൺസിൽ നിന്ന് തുടർച്ചയായി തിരിച്ചടിയേറ്റ ഷപൂർജി പല്ലോൺജി മിസ്ത്രി കുടുംബത്തിന് താത്കാലിക ആശ്വാസം. ഗ്രൂപ്പ് കന്പനികളിൽ രത്തൻ ടാറ്റയും കൂട്ടരും ദുർഭരണം നടത്തുവെന്നും ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നുമുള്ള മിസ്ത്രി കുടുംബത്തിന്‍റെ ആരോപണത്തിൽ ദേശീയ കന്പനി നിയമ അപ്‌ലറ്റ് ട്രിബ്യൂണൽ വിശദമായ വാദം കേൾക്കും. നേരത്തെ ഈ ആവശ്യം കന്പനി നിയമ ട്രിബ്യൂണൽ തള്ളിയിരുന്നു. നിയമ നടപടി സ്വീകരിക്കുന്നതിന് നിശ്ചിത എണ്ണം ഓഹരിയുടമകളുടെ പിന്തുണ വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മിസ്ത്രി കുടുംബം നൽകിയ മറ്റ് ഹർജികൾ ട്രൈബ്യൂണൽ തള്ളി. ടാറ്റ ട്രസ്റ്റുകൾ കഴിഞ്ഞാൽ ഗ്രൂപ്പിഷ ഏറ്റവും വലിയ ഓഹരി ഉടമകളാണ് മിസ്ത്രി കുടുംബം. 18.4 ശതമാനം ഓഹരികൾ അവരുടെ കൈവശമാണ്.
ഇതിനിടെ മിസ്ത്രി കുടുംബത്തിന് കനത്ത തിരിച്ചടി നൽകി ടാറ്റ സൺസിനെ പബ്ലിക് ലിമിറ്റഡിൽ നിന്ന് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാക്കാൻ ധാരണയായി. കന്പനിയുടെ വാർഷിക പൊതുയോഗത്തില്‍ ഭരണഘടന ഭേദഗതിചെയ്യാനുള്ള തീരുമാനത്തെ ഭൂരിപക്ഷം ഓഹരിയുടമകളും പിന്തുണച്ചു. ഇതോടെ ടാറ്റയിലുള്ള ഓഹരിയുടമകളുടെ അവകാശങ്ങൾ കുറയുകയും ഭരണസമിതിയുടെ അധികാരം വർധിക്കുകയും ചെയ്യും. മിസ്ത്രി കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് ഡയറക്ടർ ബോർഡിന് സുപ്രധാന തീരുമാനങ്ങൾ എടുക്കാനാണ് രത്തൻ ടാറ്റയും കൂട്ടരും ഗ്രൂപ്പിനെ പ്രൈവറ്റ് ലിമിറ്റഡാക്കിയത്.
