ദില്ലി: കേന്ദ്രബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചതിനെ ചൊല്ലി ബിജെപി സഖ്യകക്ഷിയായ ടിഡിപിയുടെ പ്രതിഷേധം തുടരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നായിരുന്നു ടിഡിപിയുടെ മുഖ്യആവശ്യമെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നിരക്കുള്ള സംസ്ഥാനത്തിന് പ്രത്യേക സംസ്ഥാന പദവി നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു നീതി ആയോഗിന്റെ നിലപാട്. 

അതേസമയം പ്രത്യേക പദവി നല്‍കിയില്ലെങ്കിലും അതിലേറെ സഹായം സംസ്ഥാനത്തിന് നാല് വര്‍ഷം കൊണ്ട് നല്‍കിയെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ഇതിനെ ഖണ്ഡിച്ചു കൊണ്ടാണ് ആന്ധ്രയിലെ ഭരണകക്ഷിയായ തെലുങ്കുദേശത്തിന്റെ എംപി ജയദേവ് ഗല്ല ബുധനാഴ്ച്ച ലോക്‌സഭയില്‍ സംസാരിച്ചത്. 

നാല് വര്‍ഷത്തിനിടെ വിവിധ പദ്ധതികളിലൂടെ ആന്ധ്രയ്ക്ക് കിട്ടിയ സാമ്പത്തികവിഹിതത്തിന്റെ കണക്കുകള്‍ വിശദീകരിച്ചു കൊണ്ട് ലോക്‌സഭയില്‍ സംസാരിച്ച ദേവ് ഗല്ല, തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ കളക്ഷന്‍ പോലും കേന്ദ്രസഹായത്തേക്കാള്‍ കൂടുതലാണെന്നാണ് പരിഹസിച്ചത്. 

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി, വിശാഖപട്ടണം കേന്ദ്രീകരിച്ച് പുതിയ റെയില്‍വെ സോണ്‍, ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 19 വാഗ്ദാനങ്ങളില്‍ ഒന്നു പോലും ഇത്രവര്‍ഷമായി പാലിക്കപ്പെട്ടില്ലെന്ന് ദേവ് ഗല്ല കുറ്റപ്പെടുത്തുന്നു. ആന്ധ്ര നേരിടുന്ന പ്രശ്‌നങ്ങള്‍ കണക്കില്ലെടുത്ത് കേന്ദ്രം സംസ്ഥാനത്തിന് അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും അമരാവതി നഗര നിര്‍മ്മാണത്തിനായി വര്‍ഷം തോറും പതിനായിരം കോടി വീതം നല്‍കണമെന്നും ദേവ് ഗല്ല ആവശ്യപ്പെട്ടു.

ആന്ധ്രയിലെ ജനങ്ങള്‍ വിഡ്ഢികളല്ല, സംസ്ഥാനത്തെ വിഭജിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപിയെ അവര്‍ വെറുതെ വിടില്ല - കേന്ദ്രസര്‍ക്കാരിനും സഖ്യകക്ഷിയായ ബിജെപിക്കുമെതിരെ ആഞ്ഞടിച്ചു കൊണ്ട് ദേവ്ഗല്ല പറഞ്ഞു.