ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി അപ്പോള്‍ നല്‍കിയിരിക്കുന്ന സമയപരിധി അപര്യാപ്തമാണെന്നാണ് കമ്പനികളുടെ പരാതി. അപ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് ടെലികോം മന്ത്രാലയവും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയും നല്‍കുന്നതെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ രാജന്‍ മാത്യൂസ് ആരോപിച്ചു. ആധാര്‍ ബന്ധിപ്പിക്കാന്‍ എസ്.എം.എസ് വഴിയുള്ള വണ്‍ ടൈം പാസ്‍വേഡ് ഉപയോഗിച്ചുള്ളതടക്കം ലളിതമായ നടപടികള്‍ കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.