കോഴിക്കോട്: ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ തീര്‍ത്ഥം പദ്ധതി വിജയകരമായി ആറു മാസം പിന്നിടുന്നു. പ്രതിദിനം 7000 ലിറ്റര്‍ വെള്ളമാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ആറ് മാസം മുന്‍പാണ് കോഴിക്കോട് നഗരത്തില്‍ തീര്‍ഥം പദ്ധതി നടപ്പാക്കിയത്. കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് കുടുംബശ്രീ സംരംഭം തുടങ്ങിയത്.ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളമെന്നതായിരുന്നു ആശയം.

പ്രതിദിനം 7000 ലിറ്റര്‍ കുടിവെള്ളമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.ഇരുപത് ലിറ്റര്‍ വെള്ളം കൊള്ളുന്ന 350 ക്യാന്‍ ഒരു ദിവസം വിതരണം ചെയ്യും.ഇതിന്റെ ഇരട്ടി ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെങ്കിലും വിതരണത്തിനായി ആവശ്യത്തിന് വാഹനമില്ലാത്തതാണ് തടസ്സം.ഒരു വാഹനം മാത്രമാണ് ഇപ്പോഴുള്ളത്.

5 സ്ത്രീകള്‍ ചേര്‍ന്നാണ് 25 ലക്ഷം രൂപ ചിലവില്‍ സംരംഭം തുടങ്ങിയത്.വീടുകളിലും ഫ്‌ലാറ്റുകളിലും ആണ് ആദ്യഘട്ടത്തില്‍ കുടിവെള്ളമെത്തിച്ചത്. ഇപ്പോള്‍ ഹോട്ടലുകള്‍ അടക്കം ആവശ്യക്കാര്‍ കൂടി. എലത്തൂരില്‍ പുതിയ പ്ലാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.വിജയകരമായ പദ്ധതിയെ കുറിച്ചറിയാനും പഠിക്കാനുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കോഴിക്കോട് എത്തുന്നുണ്ട്.