Asianet News MalayalamAsianet News Malayalam

പുതിയ ഫോണ്‍ വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ നിര്‍ബന്ധമായും ഇത് അറിഞ്ഞിരിക്കണം

things to remember before buying a new smart phone
Author
First Published Sep 22, 2017, 7:10 PM IST

മത്സരം കടുക്കുന്ന സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഏറ്റവുമൊടുവില്‍ ഐഫോണ്‍ X രംഗത്തിറക്കി തങ്ങളുടെ മേധാവിത്വം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. 256 ജി.ബി സംഭരണ ശേഷിയുള്ള ഐഫോണ്‍Xന് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറെ പ്രത്യേകതകളുള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസവും സുഹൃത്തുക്കള്‍ക്കിടയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിലയും വിലയുമൊക്കെ നേടിത്തരുമെന്ന് ഉറപ്പാണ്. ബില്‍ പേയ്മെന്റ് മുതല്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വരെ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കപ്പെടുന്ന കാലത്ത് പുതിയ ഫോണ്‍ ജീവിതം കൂടുതല്‍ എളുപ്പമാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ ഒരു ലക്ഷം രൂപ ഒരു നിസ്സാര തുകയുമല്ല. ഒരു നിക്ഷേപമെന്ന തരത്തില്‍ ലക്ഷത്തിലധികം രൂപ കൊടുത്തു വാങ്ങുന്ന ഒരു ഫോണിന്റെ മൂല്യം എത്രയായിരിക്കും എന്ന് ഒരുനിമിഷം ആലോചിക്കണം.

അനുനിമിഷം മൂലം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ആസ്തികളുടെ കൂട്ടത്തിലാണ് എല്ലാ ഇലക്ട്രോണിക് ഉള്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നത്. നിങ്ങള്‍ വാങ്ങുന്ന നിമിഷം മുതല്‍ നിങ്ങളുടെ ഫോണിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കും. എന്നുകരുതി ആവശ്യമുള്ള സാധനങ്ങള്‍ നമുക്ക് വാങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ ഒരു ലക്ഷത്തോളം രൂപ, സ്മാര്‍ട്ട് ഫോണിനായി ചിലവാക്കുന്നതിന് മുമ്പ് ഇതിലും കുറഞ്ഞ തുക മാത്രം ആവശ്യമുള്ള, ജീവിതത്തിലെ അത്യാവശ്യങ്ങളൊക്കെ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് ഉറപ്പാക്കണം. 

ലൈഫ് ഇന്‍ഷുറന്‍ കവറേജ്
നിങ്ങളുടെ സംരക്ഷണയില്‍ കഴിയുന്ന ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെയൊക്കെ സുരക്ഷിതത്വം നിങ്ങളുടെ ബാധ്യതയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്. സ്ഥിരം ശമ്പളമുള്ള 30 വയസുകാരനായ പുരുഷന് (പുകവലി പോലുള്ള ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍ ഇല്ലെങ്കില്‍) ഏകദേശം 30 വര്‍ഷത്തേക്ക് രണ്ട് കോടിയുടെ ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്രതിവര്‍ഷം 21,000 രൂപയോളം മതിയാവും. നിങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്നവരുടെ ജീവിതം വഴിമുട്ടാതിരിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയൊരു കാര്യമാണത്. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയിലാണോ നിങ്ങളുടെ ഭാര്യയും മക്കളും? എങ്കില്‍ ഐ ഫോണ്‍ വാങ്ങുന്നതിനേക്കാള്‍ നിങ്ങള്‍ ചെയ്യേണ്ടത് അവരുടെ ജീവിതം സുരക്ഷിതമാക്കുകയാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ്
എല്ലാവര്‍ക്കും അത്യാവശ്യം വേണ്ടതാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ ഇന്നും ആരോഗ്യ ഇന്‍ഷുറന്‍സ് ഒരു ആര്‍ഭാടമായാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു സര്‍വേ പ്രകാരം ഇന്ത്യയില്‍ 80 ശതമാനത്തോളം പേര്‍ക്കും ഒരു തരത്തിലുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. ധനികരില്‍ പോലും 66 ശതമാനത്തോളം പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സുകളോട് താല്‍പര്യം കാണിക്കാറില്ല. ഇക്കാര്യത്തില്‍ വേണ്ടത്ര അവബോധം നമുക്കില്ലെന്നുള്ളതാണ് വാസ്തവം. പെട്ടെന്ന് കണ്ടുപിടിക്കപ്പെടുന്ന ഒരു മാരക രോഗമോ അല്ലെങ്കില്‍ അപ്രതീക്ഷിതമായ ഒരു അപകടമോ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നതിനൊപ്പം സാമ്പത്തിക നിലയും താറുമാറാക്കും.  30 വയസുള്ള ഒരാള്‍ക്ക് ഭാര്യയും ഒരു കുട്ടിയും ഉള്‍പ്പെടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ഇപ്പോള്‍ ഏകദേശം 11,500 രൂപയോളം പ്രതിവര്‍ഷം ആവശ്യമായി വരും. അഞ്ച് ലക്ഷത്തോളം രൂപയുടെ കവറേജ് ഇതിന് ലഭിക്കുകയും ചെയ്യും. ഒരാള്‍ക്ക് മാത്രമായി ആണെങ്കില്‍ തുക വളരെ കുറയുകയും ചെയ്യും.

മ്യൂച്വല്‍ ഫണ്ടുകള്‍
ഏറെ ജനകീയമായൊരും നിക്ഷേപ രീതിയായി മാറിക്കൊണ്ടിരിക്കുകയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. 500 മുതലുള്ള ചെറിയ തുകകള്‍ നിങ്ങള്‍ക്ക് പ്രതിമാസം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഇത് പണമാക്കി മാറ്റുകയും ചെയ്യാം. സമ്പാദ്യമെന്ന നിലയിലോ, ആദായ നികുതി ഇളവുകള്‍ക്ക് വേണ്ടിയോ മറ്റ് വലിയ നിക്ഷേപങ്ങള്‍ക്കായുള്ള പണം സ്വരുക്കൂട്ടുന്നതിനോ ഒക്കെ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോഗിക്കാം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി 10 മുതല്‍ 15 ശതമാനം വരെ നേട്ടം മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നുണ്ട്. നിലവില്‍ മറ്റ് രീതിയിലുള്ള നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. അത്യാവശ്യം ചിലവൊക്കെ കഴിഞ്ഞ് അല്‍പ്പം പണമെങ്കിലും മാറ്റിവെയ്ക്കാനുണ്ടെങ്കില്‍  മ്യൂച്വല്‍ ഫണ്ട് നിങ്ങള്‍ക്ക് പറ്റിയൊരു മേഖലയാണ്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ പരിഗണിക്കേണ്ട കാര്യവും അതാണ്.

ലോണുകള്‍ അടച്ചുതീര്‍ക്കാന്‍ ഇതിലും നല്ല സമയമില്ല
കഴിഞ്ഞ മൂന്ന് വര്‍ഷമായി വായ്പകളുടെ പലിശ നിരക്കുകള്‍ കുറഞ്ഞുനില്‍ക്കുകയാണ്. ഓഗസ്റ്റില്‍ വായ്പാ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയതോടെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍ ഭവന, വാഹന വായ്പാ പലിശകള്‍. സമീപഭാവിയില്‍ ഇതിനേക്കാള്‍ പലിശ കുറയുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദരൊന്നും പ്രവചിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഭവന, വാഹന വായ്പകളുണ്ടെങ്കില്‍ അത് അടച്ച് തീര്‍ക്കാന്‍ ഏറ്റവും പറ്റിയ സമയമാണിത്. കൂടുതല്‍ പണം ഇപ്പോള്‍ കൈയ്യിലുണ്ടെങ്കില്‍ പരമാവധി ലോണ്‍ തിരിച്ചടവുകള്‍ പരിഗണിക്കാം. അത് ഭാവിയില്‍ വലിയ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. ലോണ്‍ തിരിച്ചടവ് അടുത്ത കാലത്ത് മാത്രം തുടങ്ങിയിട്ടുള്ളവര്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്.

എമര്‍ജന്‍സി ഫണ്ട്
അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും വരാന്‍ സാധ്യതയുള്ള അത്യാഹിതങ്ങള്‍ക്കായി ചെറിയ മുന്‍കരുതലുകളെങ്കിലും എടുക്കണം. ജോലി നഷ്ടപ്പെടുന്നതോ, അപകടങ്ങളോ, വസ്തുവകകളുടെ നഷ്ടമോ അങ്ങനെ എന്താണെങ്കിലും അതിനെ നേരിടാനൊരുങ്ങണം. നിങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്ന് മുതല്‍ ആറ് ഇരട്ടി വരെ അത്യാഹിതങ്ങള്‍ക്കായി കരുതിവെയ്ക്കണം. അത്യാഹിതങ്ങള്‍ നേരിടുന്നതിനൊപ്പം ആ സമയത്ത് വീട്ടുവാടക, ഇലക്ട്രിസിറ്റി-ടെലിഫോണ്‍-ഇന്റര്‍നെറ്റ് ബില്ലുകള്‍, വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍, വായ്പകളുടെ തിരിച്ചടവ് എന്നിങ്ങനെ നിങ്ങളുടെ മറ്റ് കാര്യങ്ങള്‍ മുടങ്ങിപ്പോകാനും പാടില്ല. നിങ്ങള്‍ക്ക് ഒരു എമര്‍ജന്‍സി ഫണ്ട് ഇതുവരെ ഇല്ലെങ്കില്‍ അധികപണം അതിനായി ഉപയോഗിക്കണം. അത്യാഹിതങ്ങളില്‍ ഉപയോഗിക്കാന്‍ പണം കരുതിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ വരുമാനം അടിസ്ഥാനമാക്കി അത് മെച്ചപ്പെടുത്തണം.

മുകളില്‍ വിവരിച്ച പലതിനും കൂടി വേണ്ടിവരുന്ന തുക ഒരു ഐ ഫോണ്‍ X വാങ്ങാനാവശ്യമായതിനേക്കാള്‍ വളരെ കുറവാണ്. ആവശ്യങ്ങള്‍ താരതമ്യം ചെയ്താല്‍ അതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടതും.  ജീവിതത്തില്‍ പണം കൊണ്ട് ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് നിങ്ങള്‍ മാറ്റിവെയ്ക്കണം.
കടപ്പാട്: bankbazar.com

Follow Us:
Download App:
  • android
  • ios