ജിഎസ്ടിയില്‍ 10 ശതമാനത്തിന്‍റെ കുറവ് വന്നതോടെ വില്‍പ്പന വിലയില്‍ വലിയ മാറ്റമുണ്ടാവുമെന്നാണ് പ്രമുഖ ഡീലര്‍മാര്‍ പറയുന്നത്. 

തിരുവനന്തപുരം: ഗൃഹോപകരണങ്ങളായ ഫ്രിഡ്ജ് വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ ഈ ഓണത്തിന് വിപണിയില്‍ തിളങ്ങാനൊരുങ്ങുകയാണ് ഇലക്ട്രോണിക് കമ്പനികള്‍. ജിഎസ്ടിയില്‍ 10 ശതമാനത്തിന്‍റെ കുറവ് വന്നതോടെ വില്‍പ്പന വിലയില്‍ വലിയ മാറ്റമുണ്ടാവുമെന്നാണ് പ്രമുഖ ഡീലര്‍മാര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഓണം വിപണിയെക്കാള്‍ 25 ശതമാനം അധിക വില്‍പ്പനയാണ് ഈ വര്‍ഷം ഉല്‍പാദക കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. നികുതിയില്‍ 10 ശതമാനം കുറവുണ്ടായതിന് ആനുപാതികമായി വിലയില്‍ എട്ട് ശതമാനം വരെ മാറ്റമുണ്ടാവുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം. ഓഗസ്റ്റില്‍ ഓണമെത്തുന്ന വര്‍ഷങ്ങളില്‍ വില്‍പ്പന സാധാരണ വലിയ തോതില്‍ കുറവ് വരാറുണ്ട്. 

ഓഗസ്റ്റില്‍ ഓണം എത്തിയാല്‍ രണ്ട് മാസത്തെ വില്‍പ്പന പോലു ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുന്നതിനാലാണിത്. ഇപ്രാവശ്യം ഇതിനോടൊപ്പം മഴ കൂടി വന്നതോടെ വില്‍പ്പന വലിയ തോതില്‍ ഇടിയുമെന്നാണ് വ്യാപാരികള്‍ കരുതിയത്. എന്നാല്‍, ജിഎസ്ടി നിരക്കുകള്‍ കുറച്ചത് വ്യാപാര കേന്ദ്രങ്ങള്‍ക്ക് പുതുജീവനേകി. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ചെറിയ സ്ക്രീനുളള ടെലിവിഷന്‍, വാക്വം ക്ലീനര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കാണ് ജൂലൈ 27 മുതല്‍ വില കുറഞ്ഞത്. 

കഴിഞ്ഞ നാലു വര്‍ഷമായി ഓണക്കാല വില്‍പ്പനയുടെ കാര്യത്തില്‍ വന്‍ പ്രതിസന്ധിയിലായിരുന്നു ഗൃഹോപകരണ വിപണന മേഖല. നോട്ടു നിരോധനത്തിന് ശേഷമുളള ആദ്യ ഓണമായതിനാല്‍ വന്‍ വളര്‍ച്ചയാണ് വ്യാപാരികളുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തെ 800 കോടി രൂപയില്‍ താഴെയായിരുന്ന ഓണക്കാല വില്‍പ്പന ഈ വര്‍ഷം 1,000 കോടി രൂപയ്ക്ക് മുകളിലേക്ക് പോയേക്കുമെന്ന് വിപണി നിരീക്ഷകര്‍ ഉറപ്പിച്ച് പറയുന്നു.