ചരക്ക് സേവനനികുതി കുറച്ചതു കൊണ്ട് മാത്രം വില കുറയില്ലെന്നും ഇതിന് കേന്ദ്രസര്‍‍ക്കാര്‍‍ ഇടപെടണമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. ജിഎസ്ടി കമ്പിനിയുടെ ചെലവ് കേന്ദ്രം വഹിക്കണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി. നികുതി പരിധി സംബന്ധിച്ച് ധനമന്ത്രിമാരുടെ ഉന്നതതലയോഗം ചര്‍ച്ച ചെയ്തില്ല.

ചരക്ക് സേവനനികുതി നടപ്പിലാക്കുന്നതിനുള്ള ഭരണഘടനഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയ ശേഷം ആദ്യമായാണ് സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയോഗം ചേര്‍ന്നത്. നികുതിപരിധി സംബന്ധിച്ച തര്‍ക്കം കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ വിഷയം ഉന്നതാധികാസമിതിയോഗം ചര്‍ച്ച ചെയ്തില്ല. നികുതി നിലവില്‍ വരുമ്പോള്‍ ഏകീകൃത വില ഈടാക്കണമെന്ന് വ്യവാസായപ്രമുഖരുമായും കച്ചവടക്കാരുമായുള്ള ചര്‍ച്ചയില്‍ ധനമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

ജിഎസ്ടി നിയമം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ കൈമാറുന്നതിനായി ജിഎസ്ടി കമ്പിനി രൂപീകരിച്ചിട്ടുണ്ട്. കമ്പനിയുടെ ചെലവ് കേന്ദ്രം വഹിക്കണമെന്ന് കേരളത്തിന്റെ ആവശ്യം തള്ളി. ബില്‍ 10 സംസ്ഥാനങ്ങള്‍ പാസ്സാക്കി. വരുന്ന നിയമസഭാ സമ്മേളത്തില്‍ കേരളവും പാസ്സാക്കുമെന്നും ധനമന്ത്രി അറിയിച്ചു.