സൗദിക്കെതിരായ ആക്രമണം പാകിസ്താനെതിരായ ആക്രമണമായി കണക്കാക്കുമെന്ന തന്ത്രപരമായ കരാറിന്റെ ഭാഗമായാണ് ഈ നീക്കം. ഇതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുമുണ്ട്.
റിയാദ്: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയിൽ നിർണ്ണായക വഴിത്തിരിവ്. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുന്നതിനിടെ തന്നെ, സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി പാക് സൈന്യം വിന്യസിക്കപ്പെട്ടു. സൗദി പ്രതിരോധ മന്ത്രാലയമാണ് ശനിയാഴ്ച ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. പാകിസ്താൻ വ്യോമസേനയുടെ പോർവിമാനങ്ങളും സപ്പോർട്ടിംഗ് വിമാനങ്ങളും സൗദിയിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ എത്തിക്കഴിഞ്ഞു. സംയുക്ത സൈനിക ഏകോപനം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം പറയുന്നു.
2025 സെപ്റ്റംബർ 17-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച തന്ത്രപരമായ കരാർ പ്രകാരം, സൗദിക്കെതിരായ ഏതൊരു ആക്രമണവും പാകിസ്താനെതിരായ ആക്രമണമായി കണക്കാക്കും. ഇതോടെ ഇറാൻ-സൗദി സംഘർഷമുണ്ടായാൽ പാകിസ്താൻ സൈനികമായി ഇടപെടാൻ നിർബന്ധിതരാകും. കഴിഞ്ഞ ആഴ്ചകളിൽ സൗദിയിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ. ആക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പാകിസ്താന് സാമ്പത്തിക സഹായം നൽകുന്ന സൗദിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ പാക് സൈന്യം മുൻപന്തിയിലുണ്ടാകുമെന്ന് സൗദി വ്യക്തമാക്കുന്നു.
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. ഇറാൻ, യുഎസ് പ്രതിനിധികൾ ഷെഹബാസ് ഷെരീഫുമായി വെവ്വേറെ ചർച്ചകൾ നടത്തി. എന്നാൽ ഇവർ നേരിട്ട് ചർച്ച നടത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. യുഎഇയിലും ഖത്തറിലുമുള്ള ഇറാൻ നിക്ഷേപങ്ങൾ വിട്ടുനൽകാൻ യുഎസ് സമ്മതിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അമേരിക്കൻ അധികൃതർ ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


