ബാങ്ക് കൗണ്ടറിന് മുന്നില്‍ ക്യൂ നിന്ന് ഇടപാടുകള്‍ നടത്തുന്ന കാലമൊക്കെ ഏകദേശം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളില്‍ പോലും എടിഎമ്മുകള്‍ സാധാരണയായതോടെ ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകള്‍ നടത്താത്തവര്‍ കുറവാണ്. അതും കഴിഞ്ഞ് ഇന്റര്‍നെറ്റ് ബാങ്കിങ്ങിലും മൊബൈല്‍ ബാങ്കിങ്ങിലുമാണ് ഇപ്പോള്‍ ന്യൂജെന്‍ ട്രെന്‍ഡ്. നേരിട്ടുള്ള ഇടപാടുകളെക്കാള്‍ ബാങ്കുകള്‍ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നതും മൊബൈല്‍, ഇന്റര്‍നെറ്റ് ഇടപാടുകളാണ്. ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ക്കും കൂടുതല്‍ സൗകര്യവും അത് തന്നെയാണ്.
ബാങ്ക് പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ പോലും എവിടെയിരുന്നും പണം കൈമാറാനും മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാനും തുടങ്ങി, എല്ലാ ബാങ്കിങ്ങ് ഇടപാടുകളും ചെയ്യാന്‍ പറ്റുമെന്നുള്ളതാണ് മൊബൈല്‍ ബാങ്കിങ്ങിനെ ജനപ്രിയമാക്കുന്നത്. ഏതാനും ടച്ചിലൂടെ എന്തും സാധിക്കുമെങ്കിലും കരുതലില്ലാത്ത ഉപയോഗം ചതിക്കുഴികളില്‍ ചാടിക്കും. പണം നഷ്ടമാവുകയും ചെയ്യും. സ്വന്തമായ മൊബൈല്‍ ബാങ്കിങ്ങ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ബാങ്കുകള്‍ ഈ സേവനങ്ങള്‍ നല്‍കുന്നത്.
യഥാര്‍ത്ഥ ആപ്ലിക്കേഷനുകള്‍
ആപ്പുകള്‍ ഒറിജിനല്‍ തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമൊക്കെ ഒരേ പേരോട് കൂടിയതും ചെറിയ വ്യത്യാസങ്ങളുള്ളതുമായ നിരവധി ആപ്പുകള്‍ ലഭിക്കാം. ബാങ്കിന്റെ വെബ്സൈറ്റ് വഴി ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതാവും കൂടുതല്‍ സുരക്ഷിതം. ആപ്പുകളില്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കേണ്ടി വരുന്നത് കൊണ്ടുതന്നെ വ്യാജ ആപ്ലിക്കേഷനുകള്‍ക്ക് അവ ചോര്‍ത്താനാകും. ഇത് ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
സുരക്ഷിതമല്ലാത്ത വൈഫൈ
പൊതു സ്ഥലങ്ങളിലെയും മറ്റും സുരക്ഷിതമാക്കപ്പെടാത്ത വൈഫൈ വിവരങ്ങള്‍ ചോരാന്‍ ഇടനല്‍കിയേക്കും. ഓപ്പണ്‍ വൈഫൈയിലൂടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. കഴിയുമെങ്കില്‍ വി.പി.എന്‍(വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്ക്) ഉപയോഗിക്കുന്നതാണ് ഉത്തമം.
ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യുക
മൊബൈല്‍ ബാങ്കിങ്ങ് ആപ്പുകള്‍ വിവിധ സുരക്ഷാ പാളിച്ചകള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ ബാങ്കുകള്‍ പരിഷ്കരിക്കാറുണ്ട്. ആപ്പുകള്‍ യഥാസമയത്ത് അപ്‍ഡേറ്റ് ചെയ്‍തില്ലെങ്കില്‍ ഇവ ലഭിക്കില്ല. ആപ്പുകളുടെ ഏറ്റവും പുതിയ വേര്‍ഷനാണ് നിങ്ങളുടെ ഫോണിലുള്ളതെന്ന് ഉറപ്പാക്കുക. ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഓട്ടോമാറ്റിക് അപ്ഡേഷന്‍ അനുവദിക്കുന്നതാണ് നല്ലത്
ഓട്ടോ ലോഗിന്‍
മിക്ക മൊബൈല്‍ ആപ്ലിക്കേഷനുകളും ഓട്ടോ ലോഗിന്‍ അനുവദിക്കാറില്ല. മാത്രവുമല്ല ഒരു നിശ്ചിത സമയം ഉപയോഗിക്കാതിരുന്നാല്‍ അവ തനിയെ ലോഗൗട്ടാവുകയും ചെയ്യും. ഓട്ടോമാറ്റിക് ലോഗിന്‍ സംബന്ധിച്ചോ പാസ്വേര്‍ഡ് സൂക്ഷിച്ചുവെയ്ക്കുന്നത് സംബന്ധിച്ചോ എന്തെങ്കിലും അറിയിപ്പുകള്‍ ലഭിക്കുന്നത് വായിച്ച് മനസിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. പാസ്‍വേഡും പിന്നുമൊക്കെ സേവ് ചെയ്യുന്നത് നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കൗണ്ടിലെ പണം കൂടി നഷ്ടപ്പെടാന്‍ കാരണമായേക്കും.
വേഗമേറിയ നെറ്റ്‍വര്‍ക്ക്
സാമാന്യം വേഗതയുള്ള നെറ്റ്‍വര്‍ക്ക് മൊബൈല്‍ ബാങ്കിങ്ങിന് ആവശ്യമാണ്. ഇടപാടുകള്‍ക്ക് ഇടയില്‍ വെച്ച് നെറ്റ്‍വര്‍ക്ക് തകരാറിലാവുകയോ ഇന്റര്‍നെറ്റ് ബന്ധം ഏതാനും സെക്കന്റുകളിലെങ്കിലും നിലയ്ക്കുകയോ ചെയ്താല്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ചിലപ്പോള്‍ അക്കൗണ്ടിലെ പണം ഡെബിറ്റ് ചെയ്യപ്പെടുകയും നിങ്ങള്‍ ഇടപാട് നടത്തിയ സൈറ്റിലേക്ക് അത് കൈമാറപ്പെടാതിരിക്കുകയോ ചെയ്യും. പണം പിന്നീട് തിരികെ കിട്ടുമെങ്കിലും ബുദ്ധിമുട്ടിക്കാന്‍ അത് മതിയാവും. വലിയ തുകയ്ക്കുള്ള ഇടപാടുകളാണെങ്കില്‍, അക്കൗണ്ടില്‍ അത്രയും തുക വീണ്ടും ബാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുമില്ല.
