ഇന്ത്യന്‍ നിരത്തുകളിലെ സ്കൂട്ടറുകളുടെ റാണി താന്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഹോണ്ട ആക്ടീവ. കഴിഞ്ഞ 17 വര്‍ഷമായി ഇന്ത്യന്‍ നിരത്തുകളിലെ മോട്ടോര്‍ സൈക്കിള്‍ കുത്തകയാണ് കഴിഞ്ഞ ജൂലൈയില്‍ ഈ ജപ്പാനീസ് സുന്ദരി തകര്‍ത്തെറിഞ്ഞത്. ആ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ്. സെപ്തംബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇരു ചക്രവാഹനവും ആക്ടീവ് തന്നെ.

മൂന്നുലക്ഷത്തിലധികം ആക്ടീവയാണ് കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ മാത്രം ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. കൃത്യമായി പറഞ്ഞാല്‍ 301,529 എണ്ണം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇത് 229,382 എണ്ണമായിരുന്നു. അതായത് 31 ശതമാനം വളര്‍ച്ച. മോട്ടോര്‍ സൈക്കിള്‍ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് സ്കൂട്ടര്‍ വിപണിയിലെന്നു ചുരുക്കം.

2016 സെപ്തംബറില്‍ വില്‍പ്പനയില്‍ രണ്ടാമതെത്തിയ ടിവിഎസ് ജൂപ്പിറ്ററിന്‍റെ എണ്ണവും ഇത് ശരിവയ്ക്കുന്നു. 60,943 ജൂപ്പിറ്ററാണ് കഴിഞ്ഞ മാസം വിറ്റത്. 2015 ല്‍ ഇത് 48,866 ആയിരുന്നു. 25 ശതമാനം വര്‍ദ്ധനവ്. എന്നാല്‍ മൂന്നാംസ്ഥാനക്കാരായ ഹോണ്ട മാസ്റ്റ്രോയുടെ വില്‍പ്പന 3 ശതമാനം കുറഞ്ഞു. 41,550 എണ്ണമാണ് വിറ്റത്.

സെപ്തംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 സ്കൂട്ടറുകളും എണ്ണവും

1. ഹോണ്ട ആക്ടീവ - 301,529

2. ടിവിഎസ് ജൂപ്പിറ്റര്‍ - 60,943

3.ഹീറോ മാസ്റ്റ്രോ - 41,550
4. ഹോണ്ട ഡിയോ - 33,248
5.സുസുക്കി ആക്സെസ് - 26,417
6.ഹീറോ ഡ്യുയെറ്റ് - 25,168
7.യമഹ റേ - 23,158
8.യമഹ ഫാസിനോ - 22,186
9.ഹീറോ പ്ലെഷര്‍ - 17,272
10.ഹോണ്ട ആവിയേറ്റര്‍ - 11,683