സ്വന്തമായി വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന യൂബര്‍ ഡ്രൈവര്‍മാര്‍ക്കു പദ്ധതിയുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും യൂബറും കൈകോര്‍ക്കുന്നു. സ്വന്തമായി വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന യൂബര്‍ ഡ്രൈവര്‍മാര്‍ക്കു പിന്തുണ നല്‍കുന്നതാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്‍റെ പുത്തന്‍ പദ്ധതി. ഇതിനായി വാഹന വിലയുടെ 90% വരെ വായ്പ സൗകര്യം കമ്പനി ലഭ്യമാക്കും. ടൊയോട്ടയുടെ ഉപസ്ഥാപനമായ ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യയാണ് വായ്പ സൗകര്യം ഒരുക്കുന്നത്.

പദ്ധതി പ്രകാരം എറ്റിയോസ്, ലിവ മോഡലുകളാണു ലഭിക്കുന്നത്. അക്‌സസറികളുടെ വിലയും സര്‍വീസ് പാക്കേജ്, റജിസ്‌ട്രേഷന്‍, റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് ചെലവുകളുമുള്‍പ്പെടെ ഓണ്‍ റോഡ് വിലയുടെ 90% വായ്പയാണു ടി എഫ് എസ് ഐ വാഗ്ദാനം ചെയ്യുന്നത്.

ഡിസംബര്‍ വരെ പദ്ധതിയുടെ കാലാവധി പ്രാബല്യത്തിലുണ്ടാവും. 2020 ആകുമ്പോഴേയ്ക്കും ഇന്ത്യയുടെ റൈഡ് ഷെയറിങ് വിപണി മൂല്യം 46,723 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യൂബറുമായുള്ള സഹകരണം കൂടുതല്‍ നേട്ടം ഉണ്ടാക്കുമെന്ന കണക്കു കൂട്ടലിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍.