വിമാനങ്ങളിലെ വാക്വം ടോയ്‍ലറ്റുകള്‍ ട്രെയിനുകളിലേക്കും

ദില്ലി: തീവണ്ടി കോച്ചുകളിലെ ടോയ്‍ലറ്റുകള്‍ക്ക് വൃത്തിപോരയെന്ന പരാതി പറച്ചിലുകള്‍ക്ക് വിട. ട്രെയിനുകളില്‍ ഇനിമുതല്‍ വിമാനങ്ങളിലേതിന് സമാനമായ വാക്വം ടോയ്‍ലറ്റുകള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ മന്ത്രാലയം പദ്ധതിയിടുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

വിമാനങ്ങളിലേതിനോട് കിടപിടിക്കുന്ന തരത്തിലുളള സംവിധാനങ്ങള്‍ ട്രെയിനുകളില്‍ ഒരുക്കാനാണ് റെയില്‍വേയുടെ തീരുമാനമെന്നും പിയുഷ് ഗോയല്‍ അറിയിച്ചു. ചില ട്രെയിനുകളില്‍ നിലവില്‍ വാക്വം ടോയ്‍ലറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് വിജയകരമാണെന്ന് കണ്ടാല്‍ 2.5 ലക്ഷം ഇത്തരത്തിലുളള ടോയ്‍ലറ്റുകള്‍ സ്ഥാപിക്കും. നിലവില്‍ 500 ബയോ വാക്വം ടോയ്‍ലറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.