ദില്ലി:ഈ വര്‍ഷത്തെ റിപ്പബ്ളിക്ദിനാഘോഷപരേഡ് ടിവിയിലൂടെ കണ്ടത് 3.8 കോടി ആളുകള്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കുകള്‍ ശേഖരിക്കുന്ന ബാര്‍ക്ക് (ഭാരത് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 

2017-ല്‍ 2.2 കോടി ആളുകളായിരുന്നു റിപ്പബ്ളിക് ദിനപരിപാടികള്‍ തത്സമയം ടിവിയില്‍ കണ്ടത്. 33 ശതമാനം വളര്‍ച്ചയാണ് ഇക്കുറി ഉണ്ടായത്. ജനുവരി 26-ന് പകല്‍ 9 മണി മുതല്‍ 12 വരെ ഡിഡി നാഷണല്‍ അടക്കം ദൂര്‍ദര്‍ശന്‍റെ 20 ചാനലുകളില്‍ റിപ്പബ്ളിക്ദിനാഘോഷ പരേഡ് സംപ്രേക്ഷണം ചെയ്തിരുന്നു. തത്സമയം സംപ്രേക്ഷണം കൂടാതെ രണ്ടരക്കോടി ആളുകള്‍ ഇതിനോടകം റിപ്പബ്ളിക് ദിന പരേഡ് ഓണ്‍ലൈനിലൂടേയും കണ്ടു കഴിഞ്ഞു. 

ദൂര്‍ദര്‍ശൻ ഫീഡുകള്‍ വച്ച് പരേഡ് ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത ഹിന്ദി ചാനലുകളില്‍ 92 കോടി ഇംപ്രഷനും, ഇംഗ്ലീഷ് ചാനലുകളില്‍ 6.20 കോടി ഇംപ്രഷനും ഉണ്ടായെന്നാണ് ബാര്‍ക്ക് പുറത്തു വിട്ട കണക്കുകളില്‍ പറയുന്നത്.