യൂബറിന്റെ ഗ്രേബോള്‍ എന്ന ചാര സംവിധാനത്തെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. ആപ്പില്‍ നിന്നും മറ്റ് സംവിധാനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉപയോഗിച്ച്, വാഹനം തടഞ്ഞ് പരിശോധിക്കാന്‍ സാധ്യതയുള്ള അന്വേഷണ ഉദ്ദ്യോഗസ്ഥരെ തിരിച്ചറിയുകയായിരുന്നു പ്രധാന പദ്ധതി. തങ്ങള്‍ക്ക് പ്രവര്‍ത്തനാവകാശമില്ലാത്ത നഗരങ്ങളിലായിരുന്നു പ്രധാനമായും ഇതിന്റെ ഉപയോഗം. യൂബര്‍ കാറുകളെ ലക്ഷ്യമിട്ട് പരിശോധന നടത്താന്‍ സാധ്യതതയുള്ള സ്ഥലങ്ങളില്‍ നിന്ന് വാഹനം ആവശ്യപ്പെടുന്നവര്‍ക്ക് തെറ്റായ വിവരങ്ങളായിരിക്കും ഗ്രേബോള്‍ നല്‍കുക. ഒന്നുകില്‍ ഡമ്മി കാറുകളുടെ ചിത്രങ്ങള്‍ ആപ്പില്‍ അവതരിപ്പിക്കും അല്ലെങ്കില്‍ ഇപ്പോള്‍ ആ പ്രദേശത്ത് കാറുകളൊന്നും ഇല്ലെന്ന വിവരം നല്‍കുന്ന തരത്തിലായിരുന്നു ഈ കബളിപ്പിക്കല്‍.
ഗ്രേബോളിന്റെ ഉപയോഗം ഇപ്പോള്‍ കുറച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി അവസാനിപ്പിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. തങ്ങളുടെ ഡ്രൈവര്‍മാരെ ഉപദ്രവിക്കാനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കാനും അധികൃതരുമായി ചേര്‍ന്ന് മറ്റ് കമ്പനികള്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ക്കെതിരെയുമാണ് ഗ്രേബോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് യൂബറിന്റെ വിശദീകരണം. എന്നാല്‍ ചിലയിടങ്ങിലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റിക്കാനും ഇത് ഉപയോഗിച്ചുണ്ടെന്ന് യൂബര്‍ കമ്പനി സമ്മതിക്കുന്നു. പിന്നീട് മിക്ക രാജ്യങ്ങളിലും ഓണ്‍ലൈന്‍ ടാക്സിക്ക് നിയമപരമായ അനുവാദം ലഭിച്ചതോടെ ഗ്രേബോള്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും കമ്പനി പറയുന്നു. ഡ്രൈവര്‍മാര്‍ നിയമനടപടി നേരിടാന്‍ സാധ്യതയുള്ള അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഇവ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് സംബന്ധിച്ച അന്വേഷണത്തിന് മറുപടിയായി കമ്പനി വ്യക്തമാക്കി. മറ്റേതൊക്കെ രാജ്യത്ത് ഇത് ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നതുമില്ല.
