ന്യൂഡല്‍ഹി: സബ്സിഡി തുക ആധാര്‍ വഴി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താവില്‍ നിന്ന് കൃത്യമായ സമ്മതം വാങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി പുറത്തിറക്കി. ആധാര്‍ വിവരങ്ങള്‍ പെയ്മെന്റ് ബാങ്കുകളടക്കം ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.
ആധാര്‍ മൊബൈലുമായി ബന്ധിപ്പിക്കുന്നതിനിടയില്‍ സബ്സിഡി തുക മറ്റൊരു ബാങ്കിലേക്ക് പോകുമെന്ന ആശങ്ക ഇനി വേണ്ട. ഉപഭോക്താവില്‍ നിന്ന് സുവ്യക്തമായ സമ്മതം വാങ്ങിയതിന് ശേഷം മാത്രം സബ്സിഡി തുക ആധാര്‍ വഴി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാവൂ എന്ന ഉത്തരവ് യുണീക്ക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കലല്ലാതെ മറ്റൊരു നടപടിയ്‌ക്കും ആധാര്‍ വിവരം ഉപയോഗിക്കരുതെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ടുമായി സബ്സിഡി ബന്ധിപ്പിച്ചതിന് ശേഷം ഉപഭോക്താവിന് ആവശ്യമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പഴയ ബാങ്കിലേക്ക് തന്നെ സബ്സിഡി മാറ്റുന്നതിനും പുതിയ ഉത്തരവ് അനുസരിച്ച് സാധിക്കും. എസ്.എം.എസ്, ഇ-മെയില്‍ എന്നിവയിലൂടെ അക്കൗണ്ട് മാറുന്ന വിശദാംശങ്ങള്‍ ബാങ്കുകള്‍ ഉപഭോക്താവിനെ അറിയിക്കണം. ഇവ സാധ്യമല്ലെങ്കില്‍ സമ്മതപത്രം തേടണം. സബ്സിഡി മാറ്റത്തിന് ബാങ്കുകള്‍ നല്‍കുന്ന വിവരങ്ങള്‍ ഉപഭോക്താക്കളുടെ സമ്മതപ്രകാരണമാണോ എന്ന് നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പരിശോധിക്കണമെന്നും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
ഉപഭോക്താക്കളുടെ സമ്മതമില്ലാതെ എയര്‍ടെല്‍ 190 കോടി രൂപ പെയ്മെന്‍റ് ബാങ്കിലേക്ക് മാറ്റിയെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതേത്തുടര്‍ന്ന് ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് എന്നിവയുടെ ആധാര്‍ അധിഷ്‌ഠിത ഇ-കെ.വൈ.സി. അനുമതി യുണീക്ക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി റദ്ദാക്കിയിരുന്നു. വിവാദം ശക്തമായ സാഹചര്യത്തില്‍ 31 ലക്ഷം ഉപഭോക്താക്കളുടെ പണം പലിശ സഹിതം പഴയ അക്കൗണ്ടിലേക്ക് മാറ്റാമെന്ന് എയര്‍ടെല്‍ യുണീക്ക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
