ന്യൂഡല്‍ഹി: സബ്‍സിഡി പണം ഉപഭോക്താക്കള്‍ അറിയാതെ പേയ്മെന്റ് ബാങ്കിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് എയര്‍ടെല്ലിന്ന് ഏര്‍പ്പെടുത്തിയ വിലക്ക് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ ഉപാധികളോടെ പിന്‍വലിച്ചു. ജനുവരി 10 വരെ ഉപഭോക്താക്കളുടെ ആധാര്‍ ബന്ധിപ്പിക്കാനും പുതിയ കണക്ഷനുകള്‍ക്ക് ആധാര്‍ വഴി തിരിച്ചറിയല്‍ പരിശോധിക്കാനും അനുമതി നല്‍കി. സബ്സിഡി പണം ഉപഭോക്താക്കള്‍ അറിയാതെ മാറ്റിയത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ടെലികോം വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ ജനുവരി 10ന് ലഭിക്കും. ഈ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക. എന്നാല്‍ എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടാവില്ല.

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്ത് ഉപഭോക്താക്കള്‍ അറിയാതെ പേയ്‍മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്നാണ് എയര്‍ടെല്ലിനെതിരായ പരാതി. അങ്ങനെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ പാചക വാതക സബ്‍സിഡി അവരറിയാതെ എയര്‍ടെല്‍ പേയ്‍മെന്റ് ബാങ്കിലെത്തി. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിച്ച ശേഷം ആധാര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് എയര്‍ടെല്ലിനെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി വിലക്കിയത്. എന്നാല്‍ സബ്‍സിഡി ഇനത്തില്‍ എയര്‍ടെല്‍ പേയ്‍മെന്റ് ബാങ്കിലെത്തിയ 138 കോടി രൂപയും ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുമെന്ന് എയര്‍ടെല്‍ അറിയിക്കുകയായിരുന്നു. 55.63 ലക്ഷം പേര്‍ക്കാണ് ഇങ്ങനെ പണം നല്‍കിയത്. ഇതോടെയാണ് വിലക്കില്‍ താല്‍ക്കാലികമായി ഇളവ് അനുവദിച്ചത്.