ദില്ലി: ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് എയര്‍ടെല്‍, എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങളെ ആധാര്‍ വിവരങ്ങള്‍ വെരിഫൈ ചെയ്യുന്നതില്‍ നിന്ന് ആധാര്‍ ഏജന്‍സിയായി യുഐഡിഎഐ വിലക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിം കണക്ഷനെടുക്കാന്‍ വേണ്ടി ഉപഭോക്താവ് നല്‍കുന്ന ആധാര്‍ വിവരം വച്ച് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ടുകള്‍ തുറക്കുന്നുവെന്നതായിരുന്നു കമ്പനിക്കെതിരായ പരാതി. ഉപഭോക്താവിന്റെ അനുവാദം വാങ്ങാതെയും അവരെ അറിയിക്കാതെയും എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുറന്നുവെന്നാണ് യു.ഐ.ഡി.എ.ഐയ്ക്ക് ലഭിച്ച പരാതികളില്‍ പറയുന്നു. 

ഇതേ തുടര്‍ന്നാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ യു.ഐ.ഡി.എ.ഐ തീരുമാനിച്ചത്. പേയ്‌മെന്റ് ബാങ്കുകള്‍ വഴി ആളുകള്‍ എല്‍പിജി ഗ്യാസിന്റെ സബ്‌സിഡി സ്വീകരിക്കുന്നതിനേയും യു.ഐ.ഡി.എ.ഐ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. 

ഇ-കെവൈസി ലൈസന്‍സ് താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന വിവരം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും എയര്‍ടെല്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.