ദില്ലി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വ്യക്തമായതോടെ രാജ്യത്ത് കോടിക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്‌ടമാകുന്നത്. 6.5 ശതമാനമായിരിക്കും ഇത്തവണത്തെ വളര്‍ച്ചാ നിരക്കെന്ന് കേന്ദ്ര സ്ഥിതി വിവര ഓഫീസാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. കഴിഞ്ഞവര്‍ഷം 7.1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

രാജ്യത്തെ 130കോടിയിലധികം ജനങ്ങളില്‍ ഏകദേശം ഒന്നരക്കോടിയോളം പേര്‍ എല്ലാ വര്‍ഷവും തൊഴിലന്വേഷകരായി മാറുന്നുവെന്നാണ് കണക്ക്.എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ തൊഴിലില്ലായ്മയ്‌ക്ക് പരിഹാരമുണ്ടാവുകയുള്ളൂ. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 7.1 ശതമാനത്തില്‍ നിന്ന് 6.5 ശതമാനത്തിലേക്ക് വളര്‍ച്ചാ നിരക്ക് കുറയുമ്പോള്‍ 30 ലക്ഷത്തോളം പേര്‍ തൊഴില്‍രഹിതരാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

മൊത്തം ആഭ്യന്തര ഉല്‍പാദനം 129.85 ലക്ഷം കോടി എത്തിയേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം ഇത് 121.90 ലക്ഷം കോടിയായിരുന്നു. വളര്‍ച്ചാനിരക്ക് 6.7 ശതമാനത്തില്‍ എത്തുമെന്നായിരുന്നു റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രതിശീര്‍ഷ വരുമാനം 82,269 രൂപയില്‍ നിന്ന് ഈ വര്‍ഷം 86,660 രൂപയായി വര്‍ധിക്കും. പ്രതിശീര്‍ഷ വരുമാന വളര്‍ച്ചാനിരക്ക് 2016–17 ലെ 5.7 ശതമാനത്തില്‍ നിന്ന് നടപ്പുവര്‍ഷം 5.3 ശതമാനമായി കുറയുമെന്നു സിഎസ്ഒ റിപ്പോര്‍ട്ടു പറയുന്നു.