ദില്ലി: നിറയെ പ്രതീക്ഷികളുമായാണ് ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് രാജ്യം കാത്തിരിക്കുന്നത്. 2019ലെ ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ആദായ നികുതി നിരക്കുകളുടെയും നികുതി ഇളവുകളുടെയും കാര്യത്തില്‍ ഉദാരമായ സമീപനം തന്നെ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. നിലവില്‍ ആദായ നികുതി നല്‍കേണ്ടാത്ത ഉയര്‍ന്ന വരുമാന പരിധിയായ രണ്ടര ലക്ഷമെന്നത് ഉയര്‍ത്തിയേക്കും. ഇതിന് പുറമെ ആദായ നികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള നികുതിയളവ് വര്‍ദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.

രണ്ടര ലക്ഷം രൂപയെന്ന പരിധി വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷവും പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത്തരമൊരു പ്രഖ്യാപനം ഉണ്ടായില്ല. പകരം രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ നികുതി കുറയ്‌ക്കുകയാണ് ചെയ്തത്. 10% നികുതിയില്‍നിന്ന് ഒഴിവാക്കി 5% സ്ലാബിലാക്കിയിരുന്നു. വരുമാന പരിധി ഉയര്‍ത്തുകയോ അല്ലെങ്കില്‍ ഇളവുകള്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പാണ്.

ഇതിവന് പുറമെ ആദായ നികുതി സ്ലാബുകളിലും മാറ്റം വന്നേക്കും. നിലവില്‍ നികുതി പിരിയ്‌ക്കുന്നത് മൂന്ന് സ്ലാബുകളായാണ്. രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയും അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ 20 ശതമാനം നികുതിയും 10 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതിയുമാണ് ഈടാക്കുന്നത്. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ളവര്‍ 10 ശതമാനം സര്‍ചാര്‍ജ്ജ് കൂടി നല്‍കണം. വാര്‍ഷിക വരുമാനം ഒരു കോടിക്കു മുകളിലാണെങ്കില്‍ 15 ശതമാനമാണ് സര്‍ചാര്‍ജ്ജ്. 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവരെ ഉള്‍പ്പെടുത്തി പുതിയ ആദായ നികുതി സ്ലാബ് രൂപീകരിച്ചേക്കും.