പൊതുബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയാണ് 2016-17 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ഫലങ്ങള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.75 മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടായി. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 1.2 ശതമാനമായിരുന്നു കാര്‍ഷിക രംഗത്തെ വളര്‍ച്ച. ഇതിനെ അപേക്ഷിച്ച് വലിയ വളര്‍ച്ച കാര്‍ഷിക രംഗത്ത് ഉണ്ടായെന്ന് സര്‍വ്വെ അവകാശപ്പെടുന്നു. 2012-2013 വര്‍ഷത്തിലാണ് ഇതിന് മുമ്പ് നാല് ശതമാനത്തിന് മുകളില്‍ കാര്‍ഷിക രംഗത്ത് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം അര ശതമാനമായി കുറയ്ക്കണം . ധനസഹായങ്ങൾ ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് അടുത്ത സാമ്പത്തിക വര്‍ഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ വിലയിടിവുണ്ടാകും. ബാങ്ക് പലിശ നിരക്കുകള്‍ കുറയുെന്നും തൊഴില്‍ നഷ്ടമുണ്ടാകുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കാർഷിക വിലത്തകർച്ചയുണ്ടാകുമെന്നും അഴിമതി കുറയുമെന്നും പറയുന്ന സര്‍വ്വെ സാർവത്രിക അടിസ്ഥാന വരുമാനപദ്ധതി നടപ്പാക്കണമെന്നതാണ് പ്രധാന നിർദ്ദേശമായി മുന്നോട്ടുവെയ്ക്കുന്നത്. 

വ്യാവസായിക രംഗത്ത് 7.4 ശതമാനം വളര്‍ച്ച ഉണ്ടായി. കറണ്ട് അക്കൗണ്ട് കമ്മിയില്‍ 0.3 ശതമാനത്തിന്റെ കുറവ് വന്നു. മൊത്തവില സൂചിക 2.9 ശതമാനമാണ്. നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗത്ത് എന്ത് മാറ്റമുണ്ടായെന്നറിയാന്‍ ഏവരും സാമ്പത്തിക സര്‍വ്വേ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുമെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നു.