1. ആദായ നികുതി (income tax): വ്യക്തികളുടെ വരുമാനത്തിന്മേല്‍ സര്‍ക്കാര്‍ ചുമത്തുന്ന നികുതി. നിശ്ചിത പരിധിക്ക് മുകളില്‍ വരുമാനമുള്ളവര്‍ ആദായ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്.

2. പരോക്ഷ നികുതി (indirect tax) : കസ്റ്റംസ്, എക്സൈസ്, സേവന നികുതികളാണ് പരോക്ഷ നികുതിയെന്ന വിഭാഗത്തില്‍ പെടുന്നത്. വ്യക്തികളുടെ വരുമാനവുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഈ നികുതികള്‍ക്ക് ഇല്ല. എന്നു മാത്രമല്ല എല്ലാ വരുമാനക്കാരും ഒരേ നിരക്കില്‍ തന്നെ ഇവ നല്‍കുകയും വേണം.

3. പ്രത്യക്ഷ നികുതി (Direct Tax) : ഒരാളുടെ വരുമാനത്തിന്മേലോ അല്ലെങ്കില്‍ ലാഭത്തിന്മേലോ ചുമത്തുന്ന നികുതി. വ്യക്തികളുടെമേലും കോര്‍പറേറ്റ് സ്ഥാപനങ്ങളിന്മേലും ചുമത്തുന്ന നികുതികള്‍ ഈ വിഭാഗത്തില്‍ പെട്ടതാണ്.

4. എക്സൈസ് തീരുവ (Excise Duty) : രാജ്യത്തിനകത്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നികുതിയാണ് എക്സൈസ് തീരുവ.

5. കസ്റ്റംസ് തീരുവ (Customs Duty) : രാജ്യത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന നികുതയാണ് കസ്റ്റംസ് തീരുവ. സ്വദേശി ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്നവയുമായുള്ള ആരോഗ്യകരമായ മത്സരത്തിനായി വില ഏകീകരിക്കാന്‍ സഹായിക്കുന്നത് ഈ നികുതിയാണ്.

6. കോര്‍പറേറ്റ് നികുതി (Corporate Tax) : കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണിത്. സര്‍ക്കാറിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നും ഇതുതന്നെ.

7. സാമ്പത്തിക കമ്മി (Fiscal Deficit) : സര്‍ക്കാറിന്റെ ആകെ വരുമാനത്തിനേക്കാള്‍ ചിലവുകള്‍ കൂടുതലാകുമ്പോഴാണ് സാമ്പത്തിക കമ്മി എന്ന അവസ്ഥയുണ്ടാകുന്നത്.

8. സമതുലിത ബജറ്റ് : രാജ്യത്തിന്റെ വരുമാനവു ചിലവും തുല്യമാണെങ്കില്‍ അതിനെ സമതുലിന് ബജറ്റെന്ന് വിളിക്കാം.

9. കമ്മി ബജറ്റ് : സര്‍ക്കാറിന്റെ ആകെ വരുമാനം ചിലവുകളെക്കാള്‍ കുറവാണെങ്കില്‍ കമ്മി ബജറ്റെന്നാണ് അത്തരം ബജറ്റുകള്‍ അറിയപ്പെടുന്നത്.

10. ഓഹരി വിറ്റഴിക്കല്‍ : (സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള) സ്ഥാപനങ്ങളോ സംവിധാനങ്ങളോ പൂര്‍ണ്ണമായി അല്ലെങ്കില്‍ ഭാഗികമായി വിറ്റഴിക്കുന്നതിനെയാണ് ഓഹരി വിറ്റഴിക്കല്‍ (disinvestment) എന്നു വിളിക്കുന്നത്.

11. അറ്റ ആഭ്യന്തര ആദായം (Gross Domestic Product - GDP) : ഒരു നിശ്ചിത പരിധിക്കുള്ളില്‍ രാജ്യത്തിനകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയാണ് ജി.ഡി.പി

12. സാമ്പത്തിക വര്‍ഷം : ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവാണ് ഒരു സാമ്പത്തിക വര്‍ഷം

13. ആദായ നികുതി ഇളവ് : വ്യക്തികള്‍ നികുതി അടയ്ക്കേണ്ട വരുമാനത്തില്‍ അനുവദിക്കുന്ന ഇളവ്.