ആദായ നികുതി പരിധി ഉയര്‍ത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെന്നും വരുന്ന ബജറ്റില്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗങ്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഏറ്റവും ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് അദ്ദേഹം പറഞ്ഞത്. നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം വര്‍ദ്ധിച്ചതും നികുതി വരുമാനം ഗണ്യമായി കൂടിയതും സര്‍ക്കാറിന് വന്‍ സാമ്പത്തിക നേട്ടമാണുണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ ആദായ നികുതി ഇളവുകള്‍ വരുന്ന ബജറ്റില്‍ ഉറപ്പായും പ്രതീക്ഷിക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.

നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ആശ്വാസം പകരാനും സര്‍ക്കാറിന്റെ നീക്കം സഹായകമാവും. ഇപ്പോഴത്തെ വരുമാന പരിധായായ 2.5 ലക്ഷം രൂപയുടെ വാര്‍ഷിക വരുമാനമെന്നത് നാല് ലക്ഷമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഇടത്തരം വരുമാനക്കാര്‍ക്കെല്ലാം ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോള്‍ ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്നതും ഇക്കാര്യം തന്നെയാവും.