ബാങ്കുകളില്‍ ഇപ്പോള്‍ 50,000 രൂപയോ അതിലധികമോ നിക്ഷേപിക്കാന്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. ഇതിന്റെ പരിധി കുറയ്ക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 30,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാകും. നേരിട്ട് പണം നല്‍കി ബാങ്കകളിലല്ലാതെ നടത്തുന്ന മറ്റ് ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് സ്വര്‍ണ്ണം പോലുള്ളവ വാങ്ങുന്നതിന് ഇപ്പോള്‍ പാന്‍ നിര്‍ബന്ധമാണ്. ഈ പരിധിയും കുറച്ച് ഒരു ലക്ഷമെങ്കിലും ആക്കാനാണ് സാധ്യത. പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പ്രത്യേക സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഇല്ലാതാക്കാനും സാധ്യതയുണ്ട്. പാന്‍ കാര്‍ഡോ  അതില്ലെങ്കില്‍ ആധാറോ ബാങ്കിങ് ഇടപാടുകള്‍ക്ക് നിര്‍ബന്ധമാക്കും. കേന്ദ്രീകൃത വിവര ശേഖരണ സംവിധാനമുള്ളതിനാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിലെ ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാനാവും.

നേരിട്ടുള്ള പണമിടപാടുകള്‍ പരമാവധി നിരുത്സാഹപ്പെടുത്താനായി പ്രത്യേക ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്താനും സാധ്യതതയുണ്ട്. ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ ക്യാഷ് ഹാന്റ്‍ലിങ് ചാര്‍ജ്ജ് ഈടാക്കിയേക്കും. ഇങ്ങനെ കിട്ടുന്ന പണം ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും.