സിവില്‍ വ്യോമയാനം മുതല്‍ മരുന്ന് നിര്‍മ്മാണം വരെയുള്ള മേഖലകളില്‍ വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യാന്‍ വന്‍ ഇളവുകളാണ് കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ചുവപ്പ് നാടയ്ക്ക് ഏറെ പഴികേട്ട എഫ്.ഐ.പി.ബിയുടെ പ്രവര്‍ത്തനം അപ്പാടെ അവസാനിപ്പിക്കുക വഴി വിദേശ കമ്പനികള്‍ക്ക് രാജ്യത്തേക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് സര്‍ക്കാര്‍. വരും വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജെയ്റ്റ്‍ലി ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി. 5000 കോടി വരെയുള്ള വിദേശ കമ്പനികളുടെ നിക്ഷേപങ്ങളാണ് എഫ്.ഐ.പി.ബിയുടെ പരിഗണനയ്ക്ക് വരുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള ആപ്പിളിന്റെ പദ്ധതിയടക്കം നിര്‍ണ്ണായകമായ നിരവധി പദ്ധതികള്‍ ഇപ്പോള്‍ എഫ്.ഐ.പി.ബിയുടെ പരിഗണനയിലാണ്. 

100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ള മേഖലകളില്‍ ഇപ്പോള്‍ തന്നെ ബോര്‍ഡിന്റെ അംഗീകാരം ആവശ്യമില്ല. ഇതല്ലാത്ത സിവില്‍ വ്യോമയാനം, ബാങ്കിങ്, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലെ നിക്ഷേപമാണ് എഫ്.ഐ.പി.ബിയുടെ പരിഗണനയില്‍ വരുന്നത്.