ദില്ലി: 2017ല്‍ ഏറ്റവും വളര്‍ച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2017 വളര്‍ച്ചയുടെ കാലമായിരിക്കും. ഈ സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം ആരംഭിച്ചുകൊണ്ടാണ് ജെയ്‌റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. വളര്‍ച്ചാനിരക്ക് കൂട്ടാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സാധിച്ചത് നേട്ടമായാണ് വിലയിരുത്തുന്നത്. പണം പിന്‍വലിക്കല്‍ നടപടികള്‍ ധീരമായ ഒന്നായിരുന്നു. ഇതിന് ശക്തമായ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയതെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. ചെറുപ്പക്കാരുടെ ശേഷി കൂടുതല്‍ വിനിയോഗിക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കി വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.