ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് നഗരങ്ങളില്‍ മാത്രം 6.85 ലക്ഷം വീടുകള്‍ വിറ്റുപോകാതെ ഒഴിഞ്ഞുകിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകളാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനത്തോളം കുറവുണ്ടെങ്കിലും രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെയാണ് ഏറ്റവുമധികം വീടുകളും വെറുതെ കിടക്കുന്നത്. രണ്ട് ലക്ഷത്തോളം വീടുകളാണ് ഡല്‍ഹിയിലെ രാജ്യ തലസ്ഥാന പ്രദേശത്ത് മാത്രം (എന്‍.സി.ആര്‍) വിറ്റുപോകാനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 12,000 എണ്ണത്തിന്റെ കുറവുണ്ട്. മുംബൈ നഗരത്തില്‍ 1.92 ലക്ഷവും ബംഗളുരുവില്‍ 1.04 ലക്ഷവും വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ പൊതുവേ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ പ്രതിസന്ധിയില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.