മുംബൈ: ഒരു വര്‍ഷം കൂടി അവസാനിക്കുമ്പോള്‍ കരുത്തേറുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തണലില്‍ മുന്നേറുകയാണ് ഇന്ത്യന്‍ ഓഹരി വിപണിയും. നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ബാധിച്ചെങ്കിലും പ്രതിസന്ധികള്‍ മറികടന്നുള്ള പ്രകടനമാണ് ദല്ലാള്‍ സ്ട്രീറ്റിലുണ്ടായത്. 

സെന്‍സെക്‌സും നിഫ്റ്റിയും 25 ശതമാനം പോയിന്റ് വര്‍ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഓഹരിവിപണി കുതിച്ചു കയറിയ 2017-ല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ പത്ത് ഓഹരികളെ പരിചയപ്പെടാം.

1. എച്ച്.ഇ.ജി.ലിമിറ്റഡ് - ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിര്‍മ്മാതാക്കളായ എച്ച്.ഇ.ജി ലിമിറ്റഡാണ് 2017-ല്‍ ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനി. 2016 ഡിസംബര്‍ 30-ന് 150 രൂപയായിരുന്നു കമ്പനിയുടെ ഒരു ഓഹരിയുടെ വിലയെങ്കില്‍ ഇപ്പോള്‍ അത് 2,221 രൂപയാണ്. 1381 ശതമാനം വളര്‍ച്ചയാണ് ഒരു വര്‍ഷം കൊണ്ട് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. അതായത് 10,000 രൂപയുടെ ഓഹരികള്‍ വാങ്ങിയ ആള്‍ക്ക് ഇപ്പോള്‍ അത് ഒന്നരലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ സാധിക്കും. 

2. ഇന്ത്യബുള്‍സ് വെഞ്ച്വേര്‍സ് - സ്‌റ്റോക് മാര്‍ക്കറ്റ് കമ്പനിയായ ഇന്ത്യബുള്‍സ് വെഞ്ച്വേര്‍സിന്റെ ഓഹരിക്ക് 2016 ഡിസംബറിലെ വില 20.55 രൂപ. ഇപ്പോള്‍ വില 263 രൂപ. ഒരു വര്‍ഷം കൊണ്ട് 1180 ശതമാനം വര്‍ധന.

3. സൊറില്‍ ഹോള്‍ഡിംഗ്‌സ് ആന്‍ഡ് വെഞ്ച്വേഴ്‌സ് - ഇന്ത്യാബുള്‍സിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് ഇത്. 20.25 രൂപ മുഖവിലയുണ്ടായിരുന്ന കമ്പനി ഓഹരികള്‍ക്ക് ഇപ്പോള്‍ വില 226.8 രൂപ. 1020 ശതമാനം വര്‍ധന. 

4. ഗ്രാഫൈറ്റ് ഇന്ത്യ - കാര്‍ബര്‍ണ്‍-ഗ്രാഫൈറ്റ് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഹരിവിലയില്‍ 830 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ട് രേഖപ്പെടുത്തിയത്. 72.95-ല്‍ നിന്നും 678.7-ലേക്ക്.

5. വെയ്‌സ്മന്‍ ഫോര്‍സ് - മണി എക്‌സേഞ്ച് സ്ഥാപനമായ വെയ്‌സ്മന്റെ് ഓഹരികള്‍ 733 ശതമാനം വില വര്‍ധനയാണ് 2017-ല്‍ രേഖപ്പെടുത്തിയത്. 172 രൂപയായിരുന്നു ഓഹരിയുടെ ഇന്നത്തെ വില 1412 രൂപ. 

6.ബന്‍സാലി എഞ്ചിനീയറിംഗ് - 22.35 രൂപ വിലയുണ്ടായിരുന്ന കമ്പനിയുടെ ഓഹരികള്‍ക്ക് ഇപ്പോള്‍ വില 186 രൂപ. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബന്‍സാലിയുടെ ഓഹരിയില്‍ ഒരു വര്‍ഷം കൊണ്ടുണ്ടായ വില വ്യത്യാസം 732 ശതമാനമാണ്. 

7. ഗോവ കാര്‍ബണ്‍ - പെട്രോ കെമിക്കല്‍ കമ്പനിയായ ഗോവ കാര്‍ബര്‍ പനാജി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ 105.8 രൂപയായിരുന്നു കമ്പനിയുടെ ഒരു ഓഹരിയുടെ വിലയെങ്കില്‍ ഇപ്പോള്‍ അത് 718 ശതമാനം വര്‍ധിച്ച് 865.1 രൂപയായിരിക്കുന്നു. 

8. യൂകേന്‍ ഇന്ത്യ - വിവിധ തരം മോട്ടോര്‍ പമ്പുകളുടെ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ പേരെടുത്ത യൂകേന്‍ ഇന്ത്യയുടെ ഓഹരിവില 421.5-ല്‍ നിന്നും 3408.9 ആയി ഒരു വര്‍ഷം കൊണ്ട് ഉയര്‍ന്നു. 709 ശതമാനം വളര്‍ച്ചയാണ് കമ്പനി ഓഹരികള്‍ക്കുണ്ടായത്. 

9. ഫ്രണ്ടിയര്‍ സ്പ്രിംഗ്‌സ് - ബലമേറിയ സ്പ്രിംഗുകളുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനിയുടെ ഓഹരികള്‍ക്ക് 31 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറിലെ വില ഒരു വര്‍ഷം കഴിയുമ്പോള്‍ അത് 236.65 ആയി ഉയര്‍ന്നു. 663 ശതമാനം വില വര്‍ധനയാണ് ഓഹരികള്‍ക്കുണ്ടായത്. 

10. ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് - ടെലികമ്മ്യൂണിക്കേഷന്‍രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഓഹരി വിലയില്‍ ഒരു വര്‍ഷം കൊണ്ട് 654 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2016 ഡിസംബറില്‍ 26.7 രൂപയായിരുന്നു കമ്പനിയുടെ ഓഹരിയുടെ വിലയെങ്കില്‍ ഇപ്പോള്‍ അത് 201.4 ആണ്.