ഭൂമിയുടെ ന്യായവില,മദ്യവില,ടോള്‍ നിരക്ക് എന്നിവ ഇന്നു മുതല്‍ കൂടും

First Published 1, Apr 2018, 9:11 AM IST
updated fees and charges are applicable from today
Highlights
  • എംഎല്‍എമാരുടെ ശമ്പളം 70,000 രൂപയാകും. നിലവില്‍ ഇത് 39,500 രൂപയായിരുന്നു.
  • മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ളവരുടെ ശമ്പളം 55,000 ത്തില്‍ നിന്ന് 90,000 രൂപയായി.

 

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിയുടെ ന്യായവില 10% വര്‍ധിക്കും. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്‌ട്രേഷന്‍ ഫീസിലും ആനുപാതിക വര്‍ധന ഉണ്ടാകും.ന്യായവിലയുടെ എട്ടു ശതമാനം മുദ്രപ്പത്രത്തിനും രണ്ടു ശതമാനം റജിസ്‌ട്രേഷന്‍ ഫീസിനും കൂടും. കുടുംബാംഗങ്ങള്‍ തമ്മിലെ ഭൂമിയിടപാടുകളില്‍ ന്യായവില ആറര ലക്ഷം രൂപ വരെയാണെങ്കില്‍ മുദ്രപ്പത്ര നിരക്കായി 1000 രൂപ ഒടുക്കേണ്ടി വരും. തുടര്‍ന്നുള്ള ഓരോ ലക്ഷത്തിനും 150 രൂപ അധികം നല്‍കണം. 

രജിസ്‌ട്രേഷന്‍ ഫീസ് ഒരുശതമാനമായി തുടരും.വസ്തുക്കളുടെ കൈമാറ്റത്തിനു കുടുംബാംഗങ്ങള്‍ തമ്മില്‍ തയാറാക്കുന്ന മുക്ത്യാറുകള്‍ക്കുള്ള മുദ്രവില 300 രൂപയില്‍ നിന്ന് 500 രൂപയാകും.സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ സാക്ഷ്യപ്പെടുത്തിയ ആധാരപ്പകര്‍പ്പുകള്‍ക്ക് 10 പേജു കഴിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധിക ഫീസ് നല്‍കണം .
 
എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലെയും ഫീസുകള്‍ 5% കൂടും. ഭൂമിയുടെ ന്യായവില 5000 രൂപ വരെ ആധാരത്തില്‍ കുറച്ചുകാട്ടിയ എല്ലാ കേസുകളും ഒഴിവാക്കും. ബാക്കിയുള്ളവര്‍ക്കു മുദ്രവിലയുടെ 30% അടച്ച് നടപടികളില്‍നിന്ന് ഒഴിവാകാം. ഭൂനികുതി വര്‍ധിക്കും. പഞ്ചായത്തില്‍ 20 സെന്റ് വരെ സെന്റിന് ഒരു രൂപ. മുനിസിപ്പാലിറ്റിയില്‍ ആറു സെന്റ് വരെ സെന്റിന് രണ്ടു രൂപ. ആറു സെന്റിനു മുകളില്‍ സെന്റിന് നാലു രൂപ. കോര്‍പറേഷനില്‍ നാലു സെന്റ് വരെ സെന്റിന് നാലു രൂപ. നാലു സെന്റിനു മുകളില്‍ എട്ടു രൂപ ഇങ്ങനെയാകും പുതിയ നിരക്ക്. 

സംസ്ഥാനാന്തര ചരക്കുകടത്തിന് ഇന്നു മുതല്‍ ഇവേ ബില്‍ ആവശ്യമാണ് . ചരക്കുവാഹനങ്ങള്‍, ഓട്ടോറിക്ഷ, ആഡംബര ബൈക്കുകള്‍ എന്നിവയുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കും. 150 സിസി വരെയുള്ള ഇരുചക്രവാഹനങ്ങളുടെ നിരക്കില്‍ മാറ്റമില്ല. 1000 സിസിയില്‍ താഴെയുള്ള സ്വകാര്യ കാറുകള്‍ക്കും ടാക്‌സി കാറുകള്‍ക്കും പ്രീമിയം കുറയും. മദ്യത്തിന് 20 രൂപ വരെ വില ഉയരും.ദേശീയപാതകളിലെ ചില ടോള്‍ ബൂത്തുകളില്‍ നിരക്കുവര്‍ധന. പാലക്കാട് വാളയാര്‍ പാമ്പാംപള്ളത്തു ടോള്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. തൃശൂര്‍ പാലിയേക്കരയില്‍ മാറ്റമില്ല.

എംഎല്‍എമാരുടെ ശമ്പളം 70,000 രൂപയാകും. നിലവില്‍ ഇത് 39,500 രൂപയായിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ളവരുടെ ശമ്പളം 55,000 ത്തില്‍ നിന്ന് 90,000 രൂപയായി. പ്രതിമാസം 12,000 രൂപ മണ്ഡലം അലവന്‍സ് 25,000 രൂപയാകും. 20,000 രൂപ ബാറ്റ എഴുതിയെടുക്കാം. ഓഫിസ് അലവന്‍സ് 3000 രൂപയെന്നതില്‍ നിന്ന് 8000 ആയി. ടെലിഫോണ്‍ അലവന്‍സ് 7500 ല്‍ നിന്ന് 11,000 രൂപയാക്കി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് ഒരു വര്‍ഷം 50,000 രൂപ വിമാനയാത്രയ്ക്കായും ചെലവാക്കാം. ഭിന്നശേഷിക്കാര്‍ക്ക് ഇളവുകളോടെ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കും. .
 

loader