മുംബൈ: റിസർവ്വ് ബാങ്കിന്റെ 24-ആം ഗവർണറായി ഊർജിത് പട്ടേൽ ചുമതലയേറ്റു. രഘുറാം രാജന്‍റെ പിൻഗാമിയായാണ് ഡെപ്യൂട്ടി ഗവർണറായിരുന്ന ഊർജിത് പട്ടേൽ സ്ഥാനമേറ്റത്.മുംബൈയിൽ വിനായക ചതുർത്ഥിയായിരുന്നതിനാൽ സ്ഥാന കൈമാറ്റ ചടങ്ങുകൾ ഇന്ന് നടക്കും.

മൂന്ന് വർഷമാണ് കാലാവധി.രഘുറാംരാജന്‍റെ അടുപ്പക്കാരനാണ് ഉർജിത്. മൊത്തവില സൂചികയ്ക്ക് പകരം ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കി വിലക്കയറ്റനിരക്ക് കണക്കാക്കുന്ന രീതി ഉർജിത് പട്ടേൽ അധ്യക്ഷനായ സമിതിയുടെ നിർദേശപ്രകാരമാണ് നടപ്പിലാക്കിത്തുടങ്ങിയത്. 

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഓക്സ്ഫോർഡ് സർവ്വകലാശാല, എന്നിവിടങ്ങളിലായിരുന്നു 53 വയസ്സുള്ള ഉർജിത്തിന്‍റെ ഉന്നത വിദ്യാഭ്യാസം. യാലെ സർവ്വകലാശാലയിൽ നിന്നായിരുന്നു ഡോക്ടറേറ്റ്. 1998 മുതൽ 2001 വരെ ഊർജ-ധനവകുപ്പുകളുടെ ഉപദേഷ്ടാവായി . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന ഉർജിത് അന്താരാഷ്ട്ര നാണയനിധിയായ ഐഎംഎഫിലും പ്രവർത്തിച്ചിട്ടുണ്ട്.