ബംഗളുരു: ആദായ നികുതി വകുപ്പിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രമുഖ സ്വകാര്യ കമ്പനി ജീവനക്കാര്‍ വലയിലായി. ഐ.ബി.എം, ഇന്‍ഫോസിസ്, വോഡഫോണ്‍, ബയോകോണ്‍, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ കമ്പനികളിലെ ജീവനെക്കാരെയും ഇതിന് സഹായം ചെയ്തുകൊടുത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയുമാണ് ചോദ്യം ചെയ്യുന്നത്. ആയിരത്തോളം പേരുടെ ആദായ നികുതി റിട്ടേണുകളില്‍ വ്യാജ വിവരങ്ങള്‍ ചേര്‍ത്ത് 18 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ശമ്പളത്തില്‍ നിന്ന് കമ്പനികള്‍ തന്നെ നികുതി പിടിച്ച് ആദായ നികുതി വകുപ്പിലേക്ക് അടച്ച ശേഷം റിട്ടേണ്‍ സമര്‍പ്പിക്കമ്പോള്‍ വ്യാജ വിവരങ്ങളും രേഖകളും നല്‍കി പണം റീഫണ്ട് വാങ്ങുകയായിരുന്നു രീതി. ഇതിനായി തയ്യാറാക്കിയ വ്യാജരേഖകളും ചാര്‍ട്ടേഡ് അക്കൗണ്ടുമായി നടത്തിയ വാട്‍സ്ആപ് സംഭാഷണങ്ങളും ഉദ്ദ്യോഗസ്ഥര്‍ കണ്ടെടുത്തു. വന്‍കിട, ഇടത്തരം വിഭാഗങ്ങളില്‍ പെടുന്ന 50ഓളം കമ്പനികളിലെ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇവരെ അതത് ഓഫീസുകളില്‍ വെച്ച് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പേര് ഉദ്ദ്യോഗസ്ഥര്‍ പുറത്തിവിട്ടിട്ടില്ല. കിട്ടുന്ന തുകയുടെ 10 ശതമാനം കമ്മീഷന്‍ വാങ്ങിയാണ് ഇായാള്‍ വ്യാജരേഖകള്‍ വെച്ച് ആദായ നികുതി റീഫണ്ട് വാങ്ങിനല്‍കിയത്.
ആദായ നികുതി റിട്ടേണുകളില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. പരസ്‌പര വിശ്വാസത്തോടെയുള്ള ഈ ഇടപാടുകളില്‍ കൃത്രിമം കാണിക്കരുതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
