റിയാദ്: രാജ്യത്ത് മൂല്യവര്‍ധിത നികുതി സംവിധാനം നടപ്പില്‍ വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തട്ടിപ്പ് നടത്താന്‍ പദ്ധതിയിടുന്ന വ്യാപാരികള്‍ക്ക് കര്‍ശനമുന്നറിയിപ്പുമായി അധികൃതര്‍. വാറ്റ് നികുതിയില്‍ കൃതിമം കാണിച്ചാല്‍ വന്‍തുക പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മൂല്യവര്‍ദ്ധത നികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാതിരിക്കുക, ഉദ്യോഗസ്ഥരുടെ പരിശോധനയുമായി സഹകരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് അന്പതിനായിരം റിയാല്‍ വരെ പിഴ അടയ്‌ക്കേണ്ടി വരും. നികുതി ഒഴിവാക്കാനോ, കുറയ്ക്കാനോ വേണ്ടി തെറ്റായ വിവരം നല്‍കിയാല്‍, നികുതിക്ക് പുറമേ സാധനത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ മൂന്നിരട്ടി തുക വരെ പിഴയായി ഈടാക്കാമെന്നും അധികൃതര്‍ അറിയിച്ചു. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന വാറ്റുമായി ബന്ധപ്പെട്ടു നിയമലംഘനം കണ്ടെത്തിയാല്‍ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കിയാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് സക്കാത്ത് ആണ്ട് ഇന്‍കം ടാക്‌സ് അതോറിറ്റി ഓപ്പറേഷന്‍ മേധാവി ഹമൂദ് അല്‍ ഹര്‍ബി പറഞ്ഞു. നിശ്ചിത സമയത്തിനകം വാറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ പതിനായിരം റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും. വാറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാതിരിക്കുക, വാറ്റ് ഉദ്യോഗസ്ഥരുടെ പരിശോധനയുമായി സഹകരിക്കാതിരിക്കുക തുടങ്ങിയവക്ക് അമ്പതിനായിരം റിയാല്‍ വരെ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് ഈ രംഗത്തുള്ളവര്‍ ഓര്‍മിപ്പിക്കുന്നു.മറ്റു വാറ്റ് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് അമ്പതിനായിരം റിയാല്‍ പിഴ ചുമത്തും. വാറ്റ് ഒഴിവാക്കാനോ, കുറയ്ക്കാനോ വേണ്ടി തെറ്റായ വിവരം നല്‍കിയാല്‍ അടയ്ക്കാനുള്ള വാറ്റ് ഈടാക്കുന്നതിന് പുറമേ സാധനത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ മൂന്നിരട്ടി വരെ വില പിഴയായി ഈടാക്കും.