ഇപ്പോൾ ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്നത് സ്കൂട്ടറുകളാണ്. വെസ്പയാകട്ടെ സ്കൂട്ടറുകളുടെ രാജകുമാരനും. അപ്പോള്‍ വില കൂടുന്നതില്‍ അതിശയമില്ല. മാത്രമല്ല 1946 മോഡല്‍ പിയാജിയോ എംപി 6 നെ അടിസ്ഥാനമാക്കിയാണ് പുതിയ എംബ്രിയോ അർമാനിയുടെ രൂപകല്‍പന.

അതായത് ആദ്യകാല വെസ്പയുടെ പുനർജ്ജന്മമെന്നു വേണമെങ്കിൽ പറയാം. എന്നാലും എട്ടു ലക്ഷം രൂപയ്ക്ക് മാത്രം എന്താണ് ഈ സ്കൂട്ടറിലുള്ളതെന്ന് ന്യായമായ സംശയമാണ്.

ആദ്യ വെസ്പ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചതെന്നതു തന്നെയാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല വിലയേറിയ മെറ്റീരിയലുകളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ മികച്ച ഗുണനിലവാരമുള്ള ലെതർ സീറ്റുകളും 12 ഇഞ്ച്‌ വീല്‍, എല്‍ഇഡി ഹെഡ്‌ ലാംപ്‌, ടെയ്‌ല്‍ ലാംപ്‌, ഫുള്ളി എല്‍ സി ഡി കണ്‍സോള്‍, എബിഎസ്‌, ഇരട്ട ഡിസ്‌ക്‌ ബ്രേക്ക്‌, ഇലക്‌ട്രോണിക്‌ ട്രാക്‌ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഒട്ടേറെ അത്യാധുനിക ഫീച്ചറുകളുമായി പ്രത്യേകതകള്‍ നീളുന്നു.

11.84ബിഎച്ച്പിയും 10.33എൻഎം ടോർക്കും നൽകുന്ന 125സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിന്‍ കരുത്ത് പകരും. ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തിൽ ഈ സ്കൂട്ടറിന് കുതിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിൽ സിബിയു വഴി ഇറക്കുമതി ചെയ്യുന്നതു കൊണ്ടു കൂടിയാണ് വിലയിലെ ഈ വര്‍ദ്ധന.

ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലായിരുന്നു വെസ്പ ഈ പുത്തന്‍ സ്കൂട്ടര്‍ കുമാരനെ അവതരിപ്പിച്ചത്. ക്ടോബർ 25 ഓടുകൂടി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.