മത്സരം കടുക്കുന്ന ടെലികോം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ അടവുമായി വോഡഫോണ്‍. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ജിയോയെ വെല്ലുന്ന ഓഫര്‍ കമ്പനി പ്രഖ്യാച്ചിരിക്കുന്നത്. പ്രതിദിനം ഒരു ജി.ബി ഇന്റര്‍നെറ്റും പരിധിയില്ലാത്ത വോയിസ് കോളുകളും അടങ്ങുന്ന ഓഫര്‍ 84 ദിവസത്തേക്ക് 352 രൂപയ്ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം.
ജിയോ ഫോണ്‍ എന്ന പുതിയ ആയുധം കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ജിയോ തരംഗം അടുത്തൊന്നും അവസാനിക്കില്ലെന്ന് വ്യക്തമായതോടെയാണ് മറ്റ് കമ്പനികള്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. 'വോഡഫോണ്‍ ക്യാമ്പസ് സര്‍വൈവല്‍ കിറ്റ്' എന്ന പേരില്‍ ദില്ലി സര്‍ക്കിളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കണക്ഷനുകള്‍ക്ക് മാത്രമായിരിക്കും ആകര്‍ഷകമായ ഈ ഓഫറുകള്‍ ലഭിക്കുക. കണക്ഷനെടുത്ത ശേഷം 445 രൂപയുടെ ആദ്യ റീച്ചാര്‍ജ്ജ് ചെയ്യണം. തുടര്‍ന്നുള്ള റീച്ചാര്‍ജ്ജുകള്‍ 352 രൂപയുടേതായിരിക്കും. കണക്ഷനെടുക്കുമ്പോള്‍ കിട്ടുന്ന കിറ്റില്‍ വിവിധ സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഡിസ്കൗണ്ട് കൂപ്പണുകളും ലഭിക്കും.
കേരളം ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കിളുകളിലും ഈ ഓഫര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. റീ ചാര്‍ജ്ജ് തുകയില്‍ ചില്ലറ വ്യത്യാസങ്ങളുണ്ടാകും. ദില്ലി സര്‍ക്കിളില്‍ ഇപ്പോള്‍ തന്നെ 349 രൂപയ്ക്ക് സമാനമായ ഓഫര്‍ വോഡഫോണ്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ വോയ്സ് കോളുകള്‍ക്ക് പരിധിയുണ്ട്. ആഴ്ചയില്‍ 1200 മിനിറ്റും പ്രതിദിനം പരമാവധി 300 മിനിറ്റുമാണ് കോളുകള്‍ വിളിക്കാന്‍ കഴിയുക. ഇതിന് പുറമെ ദിവസവും ഒരു ജി.ബി ഇന്റര്‍നെറ്റും ലഭിക്കും. 84 ദിവസമാണ് കാലാവധി. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നിശ്ചിത സമയപരിധിയിലേക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ കഴിയൂ.
