വാഷിംഗ്ടണ്‍: അമേരിക്കന്‍ ഓഹരിവിപണിയിലെ വന്‍തകര്‍ച്ചയില്‍ ലോകത്തെ ഏറ്റവും വലിയ 500 കോടീശ്വരന്‍മാര്‍ക്കുണ്ടാക്കിയത് കനത്ത നഷ്ടം. 114 ബില്യന്‍ ഡോളറാണ് ഇവര്‍ക്കാകെ നഷ്ടമായതെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പറയുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കോടീശ്വരനായ ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വെ ഇന്‍ക് ചെയര്‍മാന്‍ വാറന്‍ ബഫറ്റിനാണ് ഏറ്റവും വലിയ നഷ്ടക്കച്ചവടമുണ്ടായത്. 5.1 ബില്യണ്‍ ഡോളറാണ് ബഫറ്റിന്റെ മാത്രം നഷ്ടം.

ബെര്‍ക്‌ഷെയറിന് ഏറ്റവും കൂടുതല്‍ ഓഹരി നിക്ഷേപമുള്ള വെല്‍സ് ഫാര്‍ഗോ ആന്‍ഡ് കമ്പനിയുടെ ഓഹരി 9.2 ശതമാനമാണ് ഇടിഞ്ഞത്. ഫേസ്‌ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് നഷ്ടക്കണക്കില്‍ രണ്ടാം സ്ഥാനത്ത്. 3.6 ബില്യണ്‍ ഡോളറാണ് ഒറ്റദിവസം കൊണ്ട് ഫേസ്‌ബുക് ഓഹരികള്‍ ഇടിഞ്ഞതുമൂലമുണ്ടായ നഷ്ടം. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ആമസോണ്‍ സിഇഒ ജെഫ് ബെസൂസാണ് മൂന്നാമത്തെ വലിയ നഷ്ടക്കച്ചവടക്കാരന്‍. 3.3 ബില്യണ്‍ ഡോളറാണ് ബെസൂസിന് നഷ്ടമായത്.

ആല്‍ഫബെറ്റ് സിഇഒ ലാറി പേജും സെര്‍ജി ബിന്നും കനത്ത നഷ്ടം നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ചയുണ്ടായ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം ദിനസവും അമേരിക്കന്‍ ഓഹരി വിപണികളില്‍ കനത്ത നഷ്ടം നേരിട്ടത്. തിങ്കളാഴ്ച ഡൗ ജോണ്‍സ് 1175 പോയന്റ് ഇടിഞ്ഞിരുന്നു. 2011 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഒരാഴ്ച മുമ്പാണ് ജനുവരി 26ന് ഡൗ ജോണ്‍സ് എക്കാലത്തെയും മികച്ച ഉയരത്തിലെത്തിയത്.

യുഎസ് ഓഹരി വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിണികളിലും ചൊവ്വാഴ്ച കനത്ത തിരിച്ചടി നേരിട്ടിരുന്നു. വ്യാപാര ആരംഭത്തില്‍ തന്നെ ബിഎസ്ഇ 1275 പോയന്റ് ഇടിഞ്ഞു.