32 ജി.ബി സംഭരണ ശേഷിയുള്ള ഐ ഫോണ്‍ 7ന് 60,000 രൂപയായിരിക്കും ഇന്ത്യന്‍ വിപണിയിലെ വില. 128ജി.ബിക്ക് 70,000 രൂപയും 256 ജി.ബിക്ക് 80,000 രൂപയും വിലവരും. 72,000 രൂപയായിരിക്കും 32 ജി.ബി ശേഷിയുള്ള ഐ ഫോണ്‍ 7 പ്ലസിന് 72,000 രൂപയും 128 ജി.ബിക്ക് 82,000 രൂപയും 256 ജി.ബിക്ക് 92,000 രൂപയും വിലവരും.

എന്നാല്‍ ഇത്രയേറെ വിലകൂട്ടി വില്‍ക്കുന്ന ഐ ഫോണ്‍ 7ല്‍ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളുടെ വിലയും അവ ഉപയോഗിച്ച് ഒരു ഫോണ്‍ നിര്‍മ്മിക്കാന്‍ എത്ര രൂപ ചിലവാകും എന്നും വ്യക്തമാക്കുകയാണ് ചില അന്താരാഷ്ട്ര ഗവേഷണ ഏജന്‍സികള്‍. 4.7 ഇഞ്ച് സക്രീനും 32ജി.ബി സംഭരണ ശേഷിയുമുള്ള ഐ ഫോണ്‍ 7ന്റെ ഏറ്റവും കുറഞ്ഞ മോഡല്‍ ഉണ്ടാക്കിയെടുക്കാന്‍ 15,065 രൂപ മാത്രമാണ് ആപ്പിളിന് ചിലവാകുന്നതെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഐ.എച്ച്.എസ് എന്ന സ്ഥാപനം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ 60,000 രൂപയ്ക്കായിരിക്കും ഫോണ്‍ വിപണിയില്‍ ലഭ്യമാകുന്നത്. 2015ല്‍ പുറത്തിറങ്ങിയ ഐ ഫോണ്‍ 6എസ് നിര്‍മ്മിക്കാനുള്ള ചിലവ് 13,402 രൂപയാണെന്നായിരുന്നു ഐ.എച്ച്.എസ് പറഞ്ഞിരുന്നത്. ഐ ഫോണ്‍ 7പ്ലസിന്റെ പരിശോധന നടത്തിയിട്ടില്ലെന്നും ഐ.എച്ച്.എസ് പറയുന്നു. 

കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിപണിയിലെത്തുന്ന ഐ ഫോണുകളെല്ലാം ചൂടപ്പം പോലെ വിറ്റുതീരുകയാണ്. യു.എ.ഇ അടക്കം ഇതിനോടകം വില്‍പ്പന ആരംഭിച്ച രാജ്യങ്ങളിലെല്ലാം ആദ്യദിനം തന്നെ സ്റ്റോക്ക് എല്ലാം വിറ്റുതീര്‍ന്നെന്നാണ് ആപ്പിളിന്റെ അവകാശവാദം. ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് ഐ ഫോണ്‍ പ്രേമികള്‍.