ബെയ്ജിംഗ്: നൂഡില്‍സിന്റേയും നൂഡില്‍സ് പ്രേമികളുടേയും നാടായ ചൈനയില്‍ നൂഡില്‍സ് വില്‍പന ഇടിയുന്നു. 2013-ല്‍ ചൈനയിലും ഹോങ്കോംഗിലുമായി 460 കോടി നൂഡില്‍സ് പാക്കറ്റുകള്‍ വിറ്റ സ്ഥാനത്ത് 2016-ല്‍ ഇത് 385 കോടി പാക്കറ്റുകളായാണ് കുറഞ്ഞത്. 18 ശതമാനം ഇടിവാണ് മൂന്ന് വര്‍ഷം കൊണ്ട് നൂഡില്‍സ് വില്‍പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനക്കാര്‍ കണ്ടുപിടിച്ച നൂഡില്‍സിന് ലോകമെങ്ങും ഡിമാന്‍സ് കൂടി വരുമ്പോള്‍ ആണ് ജന്മനാട്ടില്‍ ഇങ്ങനെയാരു അവസ്ഥ. (ചൈനയെ കൂടാതെ നൂഡില്‍സ് വില്‍പനയില്‍ കുത്തനെ ഇടിവുണ്ടായ മറ്റൊരു രാജ്യം ഇന്ത്യയായിരുന്നു) എന്ത് കൊണ്ട് നൂഡില്‍സിന്റെ വിപണി ഇടിയുന്നു എന്ന ചോദ്യത്തിന് പലതരം ഉത്തരമാണ് വിപണി വിദഗ്ദ്ധര്‍ നല്‍കുന്നത്. ഓണ്‍ലൈന്‍ ഫുഡ് ശൃംഖലയുടെ വളര്‍ച്ചയും ആരോഗ്യശീലങ്ങളിലുണ്ടായ മാറ്റവുമെല്ലാം ചൈനക്കാരെ നൂഡില്‍സില്‍ നിന്നും അകറ്റിയെന്നാണ് പറയുന്നത്.
രണ്ട് മിനിറ്റ് കൊണ്ട് ഉണ്ടാക്കിയെടുക്കാം എന്നതാണ് നൂഡില്‍സിന്റെ പ്രധാനഗുണം. അതിനാല്‍ തന്നെ പാചകം ചെയ്യാന്‍ ക്ഷമയില്ലാത്തവര്‍ക്കും മടിയുള്ളവരും നൂഡില്‍സിനെ ആശ്രയിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരു ക്ലിക്ക് കൊണ്ടോ ഒരു കോള്‍ കൊണ്ടോ ഭക്ഷണം നിങ്ങള്‍ക്ക് അരികിലെത്തും എന്നതിനാല്‍ ആളുകള്‍ ആ സാധ്യതയാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഭക്ഷണകമ്പനികളുടെ ആകെ വരുമാനത്തില്‍ 20 ശതമാനവും ചൈനയില്‍ നിന്നാണെന്നത് ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം.
കൂടാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ചൈനക്കാര്‍ ശ്രമിച്ചു തുടങ്ങിയതും നൂഡില്‍സിന് തിരിച്ചടിയായെന്നും ഇതുസംബന്ധിച്ച പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കണക്കുകള്‍ അനുസരിച്ച് ഒരു ചൈനക്കാരന്‍ വര്‍ഷം 40 പാക്കറ്റ് നൂഡില്‍സാണ് കഴിക്കുന്നത്. എന്നാല്‍ ദക്ഷിണകൊറിയക്കാരും ഇന്തോനേഷ്യക്കാരും ഇതിലേറെ നൂഡില്‍സ് അടിച്ചു കയറ്റുന്നുണ്ട്.
