സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ  നിക്ഷേപം മുഴുവന്‍ കള്ളപ്പണമായി കരുതാനാവില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

ദില്ലി: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം മുഴുവന്‍ കള്ളപ്പണമായി കരുതാനാവില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. അതേ സമയം കള്ളപ്പണം തടയുന്നതിൽ സര്‍ക്കാര്‍ പരാജയമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി വിമര്‍ശിച്ചു . 

കള്ളപ്പണം തിരികെയെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം സ്വിസ് നാഷണൽ ബാങ്ക് പുറത്തു വിട്ട നിക്ഷേപ വിവരങ്ങളോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 2017 ൽ അൻപതു ശതമാനം ഉയര്‍ന്നെന്നാണ് വെളിപ്പെടുത്തൽ. നിക്ഷേപം ഏഴായിരം കോടിയായി .അതേ സമയം ഇപ്പോഴത്തെ വിവരങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ സ്വിറ്റ്സര്‍ലന്റ് നൽകുമെന്ന ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയൽ പറയുന്നു .

സ്വിസ് നിക്ഷേപം കളളപ്പണമെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടിയുണ്ടാകും. ധനകാര്യ സെക്രട്ടറിയെ പരിഹസിച്ചാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം. കള്ളപ്പണം തിരികെയെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വാഗ്ദാനങ്ങളൊന്നും ഒാര്‍ക്കാൻ മോദിക്ക് നേരമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിഹസിച്ചു.