മുംബൈ: ആധാര്‍ വിവരങ്ങള്‍ ബാങ്കില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസേനയെന്നോണം ബാങ്കുകള്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുകയാണ്. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ അക്കൗണ്ടിലെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമോ എന്ന ആശങ്കയിലാണ് പലരും. ആധാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ആധാര്‍ ബാങ്കില്‍ നല്‍കണോയെന്ന കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാതിരിക്കുകയാണ് പലരും.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുക വഴി അക്കൗണ്ടിന് അധിക സുരക്ഷ നല്‍കാന്‍ കഴിയുമെന്നാണ് ഇന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ട്വിറ്ററിലൂടെ അവകാശപ്പെട്ടത്. ഒരു സുരക്ഷാ മുന്‍കരുതല്‍ കൂടി സ്വീകരിക്കുന്നത് പോലെയാണ് ആധാര്‍ ബന്ധിപ്പക്കന്നതെന്നാണ് യു.ഐ.ഡി.എ.ഐയുടെ വാദം. എന്നാല്‍ നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച ഒരു വിവരവും ആധാര്‍ സെര്‍വറിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയില്ല. ഡിസംബര്‍ 31ന് മുമ്പ് ആധാര്‍ വിവരങ്ങള്‍ നല്‍കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പിന്നീട് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വ്യക്തിഗത അക്കൗണ്ട് ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരുടെ ആധാര്‍ വിവരങ്ങള്‍ നല്‍കണം. 42ഓളം ബാങ്കുകളുടെ 1000ലധികം ശാഖകള്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള കൗണ്ടറുകള്‍ തുറന്നുവെന്നും 15,000ഓളം ബാങ്ക് ശാഖകളില്‍ ഇതിനുള്ള കൗണ്ടറുകള്‍ സജ്ജീകരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്നുവെന്നാണ് ആധാറിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. വിവരങ്ങള്‍ ചോരാനുള്ള സാധ്യതക്ക് പുറമെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആധാറിനെ ഉപയോഗിക്കുമെന്നും ആരോപിക്കുന്നു. രാജ്യത്തെ ഒട്ടുമിക്ക സേവനങ്ങളെയും ആനുകൂല്യങ്ങളെയും ഇതിനോടകം തന്നെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഡിജിറ്റല്‍ വത്കരണത്തിന്റെയും ആനുകൂല്യങ്ങള്‍ അനര്‍ഹരുടെ കൈവശം എത്തുന്നത് തടയാനെന്നും പറഞ്ഞാണ് സര്‍ക്കാര്‍ ആധാര്‍ വ്യാപിപ്പിക്കുന്നത്.