വിദേശ വിപണിയിലുള്ള എക്‌സ് മാക്‌സ് 250 മോഡലിന് പകരക്കാരനായിട്ടാണ് ഈ സ്‌കൂട്ടര്‍ എത്തുന്നത്. മികച്ച ഡിസൈന്‍ ശൈലി, പ്രകടനക്ഷമത എന്നിവ കൊണ്ട് എക്‌സ് മാക്‌സ് 250 യൂറോപ്പില്‍ വളരെ പ്രചാരത്തിലുള്ളൊരു സ്‌കൂട്ടറാണ്. ഈ മോഡലിന് സാമ്യതയുള്ള ഡിസൈന്‍ തന്നെയാണ് പകരക്കാരനായ എക്‌സ് മാക്‌സ് 300 സ്‌കൂട്ടറിനും നല്‍കിയിരിക്കുന്നത്.

കാഴ്ചയിലൊരു അഗ്രസീവ് ലുക്ക് നല്‍കുന്ന ഡിസൈന്‍ ഫിലോസഫി. നിലവിലുള്ള മോഡലിനേക്കാള്‍ ഭാരക്കുറവ്. സ്‌കൂട്ടറിന്‍റെ ഭാരം 179കിലോഗ്രാം. 292സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എസ്ഒഎച്ച്‌സി എന്‍ജിനാണ് എക്‌സ് മാക്‌സ് 300ന് കരുത്തു പകരുന്നത്. 27ബിഎച്ച്പിയും 29എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനുള്ളത്. 15 ഇഞ്ച് അലോയ് വീല്‍, ഡിസ്‌ക് ബ്രേക്ക്, സുരക്ഷയ്ക്കായി എബിഎസ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പീഡോ മീറ്റര്‍, ടാക്കോമീറ്റര്‍, അനലോഗ് ഗോജ് എന്നിവയടക്കമുള്ള സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈ സ്‌കൂട്ടറിലുണ്ട്. പുതിയ ഫ്രണ്ട് ഫോര്‍ക്ക്, ടിസിഎസ്, മികച്ച സ്റ്റോറേജ് സ്‌പേസ്, സ്മാര്‍ട് കീ സിസ്റ്റം എന്നീ ഫീച്ചറുകളാണ് ഈ സ്‌കൂട്ടറിന്റെ പ്രത്യേകത. ബൈക്കാണെന്ന് തോന്നിപ്പിക്കും വിധമുള്ള സിസൈനാണ് മുന്നിലും പിന്നിലും.

ട്വിന്‍ ഹെഡ്‌ലൈറ്റ്, വലിയ വിന്റ് ഷീല്‍ഡ്, സ്പ്ലിറ്റ് ടെയില്‍ ലാമ്പ് എന്നീ ഫീച്ചറുകള്‍ മറ്റ് സ്‌കൂട്ടറുകളില്‍ നിന്നും എക്‌സ് മാക്‌സ് 300നെ വേറിട്ടുനിറുത്തുന്നു. യൂറോപ്പ്യന്‍ വിപണിയില്‍ ആദ്യമെത്തുന്ന എക്‌സ് മാക്‌സ് 300 അടുത്തവര്‍ഷത്തോടെ ഇന്ത്യയിലുമെത്തുമെന്നാണ് സൂചന.