കാര്‍ഡോ രഹസ്യ പിന്‍ നമ്പറോ ഉപയോഗിക്കാതെയുള്ള പണമിടപാടുകള്‍ ആധാര്‍ വഴി സാധ്യമാക്കാനാവുമെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഡയറക്ടര്‍ ജനറല്‍ അജയ് പാണ്ഡേ പറഞ്ഞു. മൊബൈല്‍ ഉപയോഗിച്ച് പണം കൈമാറാനാവും. ഉപഭോക്താക്കളുടെ വിരലടയാളമോ അല്ലെങ്കില്‍ കണ്ണുകളുടെ ചിത്രമോ ഉപയോഗിച്ച് ഇതിന്റെ കൃത്യത ഉറപ്പുവരുത്താനുമാവുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് അത്ര എളുപ്പത്തില്‍ നടക്കുമെന്ന് കരുതുന്നില്ല. വളരെ സമയമെടുക്കുന്നതും വിവിധ തലങ്ങളുള്ളതുമായി പ്രക്രിയ ആയിരിക്കും ഇത്. മൊബൈല്‍ നിര്‍മ്മാതക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. ബാങ്കുകളുമായും വ്യാപാരികളുമായും ആശയവിനിമയം നടത്തണമെന്നും ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്ന മൊബൈല്‍ ഹാന്റ്സെറ്റുകളിലെല്ലാം വിരലടയാളവും കണ്ണുകളിലെ ഐറിസ് ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനവും ഒരുക്കാന്‍ കഴിയുമോ എന്ന് മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. ഇതോടൊപ്പം തന്നെ ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഓഫറുകള്‍ നല്‍കാനുള്ള സംവിധാനവും നിതി ആയോഗ് ആവിഷ്കരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.