എ.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള റേഷന്‍ വിതരണം സുഗമമാക്കുക, മണ്ണെണ്ണയുടെ അളവ് കൂട്ടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാവിലെ 10 മണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസറെ ഉപരോധിക്കാനാണ് തീരുമാനിച്ചതെങ്കിലും അദ്ദേഹം അവധിയായതിനാല്‍ താലൂക്ക് സപ്ലൈസ് ഓഫീസറെ ഉപരോധിച്ചു.

ഇതേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ കോടതിയുടെയും ഉപഭോക്തൃ കോടതിയുടെയും പ്രവര്‍ത്തനം ഏറെ നേരം തടസ്സപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമിച്ചത് പൊലീസും ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. എന്നാല്‍ സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് കാര്യാലയമാണെന്ന് തെറ്റിദ്ധരിച്ച് ലേബര്‍ കോടതി മുറിയിലേക്ക് ഓടിക്കയറി. തടര്‍ന്ന് പൊലീസ് മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. 14 പ്രവര്‍ത്തകര്‍ക്കെതിരെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നടക്കാവ് പൊലീസ് കേസെടുത്തു.