അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്കിനെയാണ് സീ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. ബിഗ് എഫ്.എമ്മിനൊപ്പം ബിഗ് മാജിക്, ബിഗ് ഗംഗ എന്നീ ടി.വി ചാനലുകളും റിലയന്‍സ് വില്‍ക്കുകയാണ്. ഒരു വര്‍ഷമായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഇതനുസരിച്ച് റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്കിന്റെ 49 ശതമാനം ഓഹരികള്‍ ആദ്യ ഘട്ടത്തില്‍ സീ ഏറ്റെടുക്കും. ബാക്കി 51 ശതമാനം ഓഹരികള്‍ പിന്നീട് ഏറ്റെടുക്കാമെന്ന കരാറും ഇതോടൊപ്പമുണ്ടാക്കും. റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞ ശേഷം 2005ലാണ് അനില്‍ അബംനി മാധ്യമ ബിസിനസിനായി ആര്‍.ബി.എന്‍ രൂപീകരിക്കുന്നത്. എന്നാല്‍ മുകേശ് അംബാനിയുടെ നെറ്റ്‍വര്‍ക്ക് 18 പോലെ ബിസിനസ് വിപുലപ്പെടുത്താന്‍ അനില്‍ അംബാനിക്കായില്ല. ഇതാണ് ഇപ്പോള്‍ കമ്പനി വില്‍ക്കുന്നതിലേക്ക് അനിലിനെ
എത്തിച്ചത്.

ആര്‍ബിഎനിന്റെ ബിഗ് എഫ്.എം ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. 45 നഗരങ്ങളില്‍ പ്രാതിനിധ്യമുള്ള ബിഗ് എഫ്.എം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 140 കോടിയോളം രൂപയുടെ ലാഭം കൊയ്തിരുന്നു. എന്നാല്‍ ടെലിവിഷന്‍ ചാനലുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. നഷ്‌ടമുള്ള മേഖലഖളിലെ ബിസിനസ് അവതരിപ്പിച്ച് കൂടുതല്‍ വളര്‍ച്ചയുള്ള പ്രതിരോധം, ഔര്‍ജ്ജം, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ടെലികോം മേഖലകളില്‍ ശ്രദ്ധയൂന്നാനാണ് അനില്‍ അംബാനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനിയായ ദാസ് ഏവിയേഷനുമായി ചേര്‍ന്ന് റാഫേല്‍ യുദ്ധ വിമാനം നിര്‍മ്മാണ രംഗത്തേക്കും റിലയന്‍സ് ശ്രദ്ധവെച്ചിരുന്നു.