Asianet News MalayalamAsianet News Malayalam

നിഗൂഢതയുടെയും ഭീതിയുടെയും അര്‍ത്ഥങ്ങള്‍ തേടിയുള്ള സിനിമ സഞ്ചാരം; മനം കീഴടക്കുന്ന 'ഗു' - റിവ്യൂ

മലയാളത്തിലെ എണ്ണം പറഞ്ഞ ഹൊറർ ചിത്രങ്ങളിൽ ഇടം പിടിച്ച 'അനന്തഭദ്ര'ത്തിന് ശേഷം വീണ്ടും വ്യത്യസ്തമായ ഒരു ഹൊറർ ചിത്രം മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ് മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ്. 

A film journey in search of meanings of mystery and horror; Mind-blowing 'Gu' - Review vvk
Author
First Published May 23, 2024, 7:09 PM IST

തീയറ്ററിന്‍റെ ഇരുട്ടില്‍ പ്രേക്ഷകനെ ഭയപ്പെടുത്തുക എന്നത് ഏതൊരു സംവിധായകനും ശ്രമകരമായ കാര്യമാണ്. ലോകസിനിമയിലെ ഒരുവിധം ഹൊറർ ജോണറും കണ്ടുകഴിഞ്ഞ മലയാളിക്ക് മുന്നില്‍ അത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കുകയാണ് 'ഗു' എന്ന ഫാന്‍റസി ഹൊറർ ചിത്രത്തിലൂടെ സംവിധായകൻ മനു രാധാകൃഷ്ണൻ. അത്തരം ഒരു പരിശ്രമം ഒരിക്കലും പാഴായില്ലെന്നാണ് തീയറ്ററില്‍ നിന്നും ലഭിക്കുന്ന ഒരോ പ്രതികരണവും വ്യക്തമാക്കുന്നത്. 

മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ പുരാതനമായ അരിമണ്ണ തറവാട്ടിലാണ് കഥ നടക്കുന്നത്. കുറച്ചുനാളുകളായി തറവാടുമായി ബന്ധപ്പെട്ടവരുടെ ജീവിതത്തിൽ ചില ദുരന്തങ്ങൾ സംഭവിക്കുന്നു. തറവാട്ടിലുള്ളവരുടെ സമയം ശരിയല്ലെന്നാണ് നാട്ടുകാർക്കിടയിലെ സംസാരം. ഇതിന്‍റെ മൂലകാരണം എന്തെന്ന് ആര്‍ക്കും വ്യക്തവും അല്ല. അങ്ങനെ ഒരവധിക്കാലത്ത് നാട്ടിൽ നിന്നും ദൂരെ ജോലി ചെയ്യുന്ന ബന്ധുക്കളെല്ലാവരും തറവാട്ടിലേക്ക് ഒന്നിച്ചുകൂടുകയാണ്. 

A film journey in search of meanings of mystery and horror; Mind-blowing 'Gu' - Review vvk

തറവാടിന് കൈവന്ന ചില ദോഷങ്ങൾക്ക് പൂജയും തെയ്യവും ഒക്കെ നടത്തണമെന്ന ഉദ്ദേശ്യവും ഈ വരവിന് പിന്നിലുണ്ട്. സഹോദരങ്ങളും അവരുടെ പങ്കാളികളും മക്കളുമൊക്കെ തറവാട്ടിൽ ഒരുമിക്കുന്നു. അങ്ങനെ അച്ഛനും അമ്മയ്ക്കും ഒപ്പം ആദ്യമായി തറവാട്ടിലേക്ക് എത്തുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ  മിന്ന എന്ന പെൺകുട്ടി. 

ആ തറവാട്ടിൽ പ്രേതബാധയുള്ള പാറു എന്നൊരു കുട്ടിയുമുണ്ട്. പാറുവിനെ പ്രായഭേദമെന്യേ ഏവർക്കും ഭയവുമാണ്. അവധിക്ക് തറവാട്ടിൽ എത്തിച്ചേർന്ന മിന്നയ്ക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും അവരുമായി ബന്ധപ്പെട്ടവർക്കുമൊക്കെ നേരിടേണ്ടി വരുന്ന അസാധാരണമായതും ഭയാനകവുമായ അനുഭവങ്ങളാണ് സിനിമയുടെ കഥയ്ക്ക് ആധാരം. 

പ്രേക്ഷകരിൽ ഭയം ജനിപ്പിക്കാനായി ജംപ് സ്കെയർ സീനുകളും മറ്റുമൊക്കെയായി മുന്നോട്ടുപോകുന്ന ചിത്രത്തിൽ വിഷ്വല്‍ എഫക്ട്സിന്‍റെ സാധ്യതകള്‍ ഗംഭീരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. ബാധ ആവാഹനവും മറ്റു ക്രിയകളും ഗുളികൻ വരവുമൊക്കെ പ്രേക്ഷകന് തീയറ്ററില്‍ ഒരു പുത്തന്‍ അനുഭവം തന്നെ സൃഷ്ടിക്കുന്നുണ്ട്. 

എല്ലാത്തരം പ്രേക്ഷകരെയും പ്രത്യേകിച്ച് കുട്ടികളേയും ആകർഷിക്കുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിരിപ്പിക്കുന്നതും പേടിപ്പെടുത്തുന്ന രംഗങ്ങളും വളരെ മനോഹരമായി സമന്യയിക്കുന്നുണ്ട് ഗുവില്‍. അറുകൊല, ചാത്തൻ, മാട, മറുത, യക്ഷി അങ്ങനെ നിരവധി മിത്തുകളെ കൂട്ടുപിടിച്ചുകൊണ്ട് നിരവധി സിനിമകള്‍ മലയാളത്തിൽ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ 'ഗു' എന്ന സിനിമയെ വ്യത്യസ്തമാക്കിയിരിക്കുന്നത് ഗുളികൻ തെയ്യത്തിന്‍റെ പശ്ചാത്തലത്തിൽ വിശ്വാസവും മിത്തും ചേർത്തുവെച്ചിരിക്കുന്നൊരു സിനിമയൊരുക്കിയിരിക്കുന്നു എന്നതാണ്. 

A film journey in search of meanings of mystery and horror; Mind-blowing 'Gu' - Review vvk

മനു രാധാകൃഷ്ണൻ എന്ന നവാഗത സംവിധായകന്‍റെ ക്രാഫ്റ്റ് എടുത്തുപറയേണ്ടതാണ്. തിരക്കഥയിലും സംവിധാനമികവിലും മനു പുലർത്തിയിട്ടുള്ള കൈയ്യടക്കം മലയാളത്തിന് പ്രതീക്ഷയാണ്. മിന്നയായി ദേവനന്ദയുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. 'മാളികപ്പുറം' എന്ന സിനിമയിലൂടെ വിസ്മയിപ്പിച്ച ദേവനന്ദ ഈ ചിത്രത്തിലും മികവുറ്റ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മിന്നയുടെ അച്ഛൻ കഥാപാത്രമായ സായിയായി സൈജു കുറുപ്പും അമ്മ കഥാപാത്രമായ നിമിഷയായി അശ്വതി മനോഹറും മികവ് പുലർത്തിയിട്ടുണ്ട്. കൂടാതെ നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, നന്ദിനി ഗോപാലകൃഷ്ണൻ,  ലയാ സിംസൺ, കുഞ്ചൻ തുടങ്ങിയവരും ശ്രദ്ധേയ കഥാപാത്രങ്ങളായി സിനിമയിലുണ്ട്.

രാജീവ് രവിയോടൊപ്പം അസി.ക്യാമറമാനായി സിനിമാലോകത്തെത്തിയ ചന്ദ്രകാന്ത് മാധവന്‍റെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. പഴയ തറവാടും അതുമായി ചുറ്റപ്പെട്ട കാവുകളിലും കുളങ്ങളിലും പാടങ്ങളിലുമൊക്കെയായി മനോഹരമായ ദൃശ്യലോകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ചന്ദ്രകാന്തിന് കഴിഞ്ഞിട്ടുണ്ട്. ജോനാഥൻ ബ്രൂസിന്‍റെ സംഗീതവും വിനയൻ എം.ജെയുടെ എഡിറ്റിംഗും ത്യാഗു തവന്നൂരിന്‍റെ കലാസംവിധാനവും ചിത്രത്തിൽ ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്. മലയാളത്തിലെ എണ്ണം പറഞ്ഞ ഹൊറർ ചിത്രങ്ങളിൽ ഇടം പിടിച്ച 'അനന്തഭദ്ര'ത്തിന് ശേഷം വീണ്ടും വ്യത്യസ്തമായ ഒരു ഹൊറർ ചിത്രം മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ് മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ്. തീർച്ചയായും ഹൊറർ ഫാന്‍റസി സിനിമകൾ ഇഷ്ടപ്പെടുന്നവർക്കായി ഒന്നാന്തരം കാഴ്ചവിരുന്നാണ് മനു രാധാകൃഷ്ണന്‍റെ സംവിധാനത്തിൽ പിറന്ന 'ഗു'.

'ഗു'വിലുള്ളത് 'ജെന്‍ ആല്‍ഫ ദേവനന്ദ'; വിശേഷങ്ങളുമായി സംവിധായകൻ മനു രാധാകൃഷ്ണൻ

പേടിച്ചും പേടിപ്പിച്ചും 'മിത്രൻ'; കരിയറിലെ ആദ്യ ഹൊറർ സിനിമയിൽ കൈയടി നേടി നിരഞ്ജ്

Latest Videos
Follow Us:
Download App:
  • android
  • ios