ഐ എഫ് എഫ് കെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിലിയന്‍ സംവിധായകന്‍ ഫെലിപ് കാര്‍മോനയുടെ പ്രിസണ്‍ ഇന്‍ ദ് ആന്റിസ് എന്ന സിനിമയുടെ കാഴ്ചാനുഭവം. കെ. പി റഷീദ് എഴുതുന്നു 

ലോകമെങ്ങും പടരുന്ന സമഗ്രാധികാരത്തിന്റെ പ്രത്യയശാസ്ത്ര രൂപങ്ങളെ, സൂക്ഷ്മമായ കരുതലോടെ സമീപിക്കാനുള്ള ഉള്‍ക്കാഴ്ച ഈ സിനിമ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുന്നുണ്ട്. ഒരു പക്ഷേ, അതാവണം, പുതിയ കാലത്തിന്റെ തിരശ്ശീലയില്‍ ഈ സിനിമയെ കരുത്തോടെ ഉറപ്പിച്ചു നിര്‍ത്തുന്നത്. 

സുഖവാസത്തിനിടെ അഞ്ച് ജനറല്‍മാര്‍. പ്രിസണ്‍ ഇന്‍ ദ് ആന്റിസ് എന്ന സിനിമയിലെ ഒരു രംഗം


ഒറ്റനോട്ടത്തില്‍ അതൊരു റിസോര്‍ട്ടാണ്. എന്നാല്‍, ഒന്ന് സൂക്ഷിച്ചു നോക്കൂ, അപ്പോഴറിയാം, അതൊരു ജയിലാണ്. റിസോര്‍ട്ട് പോലെ കമനീയമായ ഒരു പഞ്ചനക്ഷത്ര ജയില്‍. ചുറ്റും വന്‍മരങ്ങള്‍, ഇലത്തഴപ്പുകള്‍, സൂര്യന്‍ ഒളിച്ചു കളിക്കുന്ന ഇരുള്‍ വഴികള്‍, അതിനുമപ്പുറം, ലാറ്റിനമേരിക്കയിലെ പ്രശസ്തമായ ആന്റിസ് മലനിരകളുടെ ഗംഭീരപശ്ചാത്തലം.

ആരാണ് ഈ ജയിലിലെ ഭാഗ്യവാന്‍മാരായ അന്തേവാസികള്‍? ആ ചോദ്യത്തിനുള്ള ഉത്തരം, എന്നാല്‍ റിസോര്‍ട്ടിനെ ഓര്‍മ്മിപ്പിക്കുന്ന ആ ജയിലിന്റെ അത്രയ്ക്ക് മനോഹരമല്ല. മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ 800 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ച് നെറികെട്ട മുന്‍ സൈനിക ജനറല്‍മാരാണ് അവിടെ സുഖിച്ചു കഴിയുന്നത്. അവരവിടെ ചുമ്മാ എത്തിപ്പെട്ടതല്ല. ചിലിയിലെ ക്രൂരനായ ഏകാധിപതി അഗസ്‌തോ പിനോഷയെുടെ മനസാക്ഷി സൂക്ഷിപ്പുകാരായിരുന്നു അവര്‍. സൈനിക ഭരണകൂടം നിലംപതിച്ചതിനു പിന്നാലെ നടന്ന വിചാരണയ്‌ക്കൊടുവിലാണ്, ആയിരക്കണക്കിന് മനുഷ്യരെ പൈശാചിക പീഡനങ്ങള്‍ക്ക് വിധേയമാക്കി അരുംകൊലകള്‍ നടത്തിയ ഈ ക്രിമിനലുകള്‍ അവിടെ അടക്കപ്പെട്ടത്. ലോകം മുഴുവന്‍ ഉച്ചത്തില്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണ് അവര്‍ ശിക്ഷിക്കപ്പെട്ടത്.

ശിക്ഷ! ആ വാക്കിനുപോലും അപമാനകരമാവുന്ന വിധത്തിലായിരുന്നു ആന്റിസ് മലനിരകള്‍ക്കിടയില്‍ ആ അഞ്ച് വൃദ്ധജനറല്‍മാരുടെ സുഖജീവിതം. ശരിയാണ്, ആ ഇടത്തിന് പേര് ജയില്‍ എന്നു തന്നെയാണ്. അവരുടെ പദവി കുറ്റവാളികളുടേതും. എന്നാല്‍, പട്ടുമെത്തകളില്‍ കിടന്ന്, തീനുംകുടിയുമായി ജീവിതാനന്ദങ്ങള്‍ അറിഞ്ഞനുഭവിച്ച്, ഒരു ഞൊടിക്കുള്ളില്‍ ആഗ്രഹിക്കുന്നതെന്തും കിട്ടുന്ന അധികാരം അനുഭവിച്ച്, വേണ്ട സമയത്ത് തോന്നുന്ന്രത നാളുകള്‍ സ്വന്തം വീടുകളില്‍ പോവാനുള്ള സ്വാതന്ത്ര്യത്തോടെയാണ് അവരുടെ 'തടവറജീവിതം'. അവിടെ കാവല്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച ജയില്‍ വാര്‍ഡന്‍മാര്‍ തന്നെയാണ്. അവര്‍ക്ക് വേതനം നല്‍കുന്നത് സര്‍ക്കാരുമാണ്. എന്നാല്‍, ആ ജയില്‍ ഉദ്യോഗസ്ഥരുടെ ജോലി പരിചാരകരുടേതായിരുന്നു. അവിടെയുള്ള അഞ്ച് തടവുകാരുടെ ആവശ്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുന്ന, അവരെ അനുസരിച്ചും വിധേയത്വം കാണിച്ചും കഴിയുന്ന അടിമസമാനമായ ജീവിതം. 

'ബോഡി ഹൊറർ'; പരിവർത്തനത്തിന്റെ ഭീകരത നിറച്ച് ടൈഗർ സ്ട്രൈപ്സ്

YouTube video player


ഭൂതകാലത്തിന്റെ ചോരക്കറകള്‍

ശരിക്കും എന്താണ് ഇതിന്റെ പൊരുള്‍? ജനകീയ ഭരണകൂടം നിലവില്‍ വരികയും ലോകരാഷ്ട്രീയം ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും ഒരു ഏകാധിപതിയുടെ വേട്ടപ്പട്ടികള്‍ക്ക് ഇത്ര പ്രകടമായി സുഖജീവിതം ഉറപ്പായത് എങ്ങനെയാണ്? തങ്ങള്‍ കൊന്നൊടുക്കിയ ആയിരങ്ങളുടെ ഉറ്റവര്‍ ചോരയ്ക്കായി നിലവിളിക്കുമ്പോഴും ഈ സൈനിക ജനറല്‍മാര്‍ക്ക് എങ്ങനെയാണ് ഒരു ജനായത്ത ഭരണകൂടത്തിന്റെ കീഴില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിച്ചത്?

ഈ ചോദ്യങ്ങളുടെ ഉത്തരമാണ്, ചിലിയന്‍ സംവിധായകന്‍ ഫെലിപ് കാര്‍മോനയുടെ ആദ്യ ചിത്രമായ പ്രിസണ്‍ ഇന്‍ ദ് ആന്റിസ് (Penal Cordillera-2023) അന്വേഷിക്കുന്നത്. മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം, ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ ചോര മണക്കുന്ന ഒരു കാലത്തിന്റെ ശേഷിപ്പുകള്‍ പുറത്തിടുന്നു. എന്നാല്‍, ഒരഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത് പോലെ, 'ഇത് ഭൂതകാലത്തെക്കുറിച്ചുള്ള കഥയല്ല. ലോകമെങ്ങും തീവ്രവലതുപക്ഷം പിടിമുറുക്കുന്ന കാലത്ത്, ചിലിയില്‍ ആ ഫാഷിസ്റ്റ് നാളുകള്‍ ഗൃഹതുരത്വത്തോടെ സ്വീകരിക്കപ്പെടുന്ന അവസ്ഥയില്‍, ചില ഓര്‍മ്മപ്പെടുത്തലുകളാണ്. പിനോഷെ എന്ന രക്തദാഹിയായ ഭരണാധികാരി വികസന നായകനായും രാഷ്ട്രശില്‍പ്പിയും വാഴ്ത്തപ്പെടുന്ന പുതിയ സാഹചര്യത്തോടുള്ള മറുപടി.' 

ഈ വാചകത്തിന്റെ രാഷ്ട്രീയ ധ്വനികള്‍ മനസ്സിലാവണമെങ്കില്‍, ജനറല്‍ അഗസ്‌തോ പിനോഷെ ആരെന്നറിയണം. ചരിത്രബോധമോ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടോ ഇല്ലാത്ത ഒരു സാധാരണ പട്ടാളക്കാരന്‍ കപടദേശീയതയുടെ നാട്യങ്ങള്‍ വാരിവിതറി 17 വര്‍ഷം ഒരു ജനതയെ അടിച്ചമര്‍ത്തിയ കഥകളറിയണം. ഒപ്പം, അമേരിക്കന്‍ സാമ്രാജ്യത്വം ലാറ്റിനമേരിക്കയില്‍ നടത്തിയ രാഷ്ട്രീയ അട്ടിമറികളുടെ ലക്ഷ്യങ്ങളും സാമ്പത്തിക താല്‍പ്പര്യങ്ങളും കൂടി മനസ്സിലുണ്ടായിരിക്കണം. 

തീ പുകയുന്ന ആ നാട് പറയുന്നതെന്ത്?

ജനറല്‍ അഗസ്‌തോ പിനോഷെ Photo: gettyimages

പിനോഷെ: സിനിമയെ വെല്ലുന്ന ജീവിതം

1973 സെപ്തംബര്‍ 11 വരെ കോമണ്‍സെന്‍സും കഠിനാധ്വാനവും കൊണ്ട് ഉന്നതസ്ഥാനങ്ങളില്‍ എത്തിപ്പെട്ട ഒരു സാധാരണ സൈനിക ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു ജനറല്‍ അഗസ്‌തോ പിനോഷെ. ചിലിയിലെ ജനാധിപത്യ ഭരണകൂടത്തിന്റെ തലവനായ ഇടതുപക്ഷ നേതാവ് സാല്‍വദോര്‍ അലിന്‍െഡെ 1972-ലാണ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ജനറല്‍ പിനോഷെ സൈനിക നേതൃത്വത്തിലെ ചിലരുമായി ചേര്‍ന്ന് സൈനിക അട്ടിമറിയിലൂടെ അലിന്‍ഡെ സര്‍ക്കാറിനെ വീഴ്ത്തി. അമേരിക്ക തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് എഴുതപ്പെട്ടതായിരുന്നു ആ പട്ടാള ലഹള. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ ഭരണകൂടങ്ങളെ താഴെയിറക്കാന്‍ യു എസ് ചാരസംഘടനയായ സി ഐ എ നേരിട്ട് നടത്തിയ ഓപ്പറേഷന്‍. അതോടെ, പിനോഷെ രാഷ്ട്രത്തലവനായി മാറി. നീണ്ട 17 വര്‍ഷം അയാള്‍ അധികാരത്തില്‍ തുടര്‍ന്നു. അമേരിക്കന്‍ താല്‍പ്പര്യ പ്രകാരം ചിലിയന്‍ സമ്പദ് വ്യവസ്ഥ അയാള്‍ മാറ്റിമറിച്ചു. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് പകരം സാമ്പത്തിക ഉദാരവല്‍ക്കരണവും സ്വകാര്യവല്‍കരണവും കൊണ്ടു വന്നു. സ്‌റ്റേറ്റിന് സമ്പദ് വ്യവസ്ഥയുടെ മേലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് വിപണിക്ക് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കി. എതിര്‍ക്കുന്നവരെയെല്ലാം അടിച്ചമര്‍ത്തി. മൂവായിരത്തിലേറെ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയതായാണ് ലഭ്യമായ കണക്കുകള്‍. ആയിരക്കണക്കിന് മനുഷ്യരെ കാണാതായി. പട്ടാളവും രഹസ്യപൊലീസും തോന്നുന്നവരെയെല്ലാം പീഡനകേന്ദ്രങ്ങളിലടച്ചു. നാടെങ്ങും അയാളുടെ പട്ടാളക്കാര്‍ പുസ്തകങ്ങള്‍ കണ്ടെടുത്ത് പരസ്യമായി തീയിട്ടു. 

മനുഷ്യാവകാശ ലംഘനങ്ങളുടെ കറുത്ത നാളുകള്‍ക്കിടയില്‍, തന്റെ ഭരണം എന്നേക്കുമായി ഉറപ്പിക്കുന്നതിന് അയാള്‍ ഭരണഘടന മാറ്റിയെഴുതി. അതിനായി, 1980-ല്‍ പട്ടാളത്തെ ഉപയോഗിച്ച് ഹിതപരിശോധന നടത്തി ആ ഭരണഘടനയ്ക്ക് നിയമസാധുത നല്‍കി. എന്നാല്‍, അയാളുടെ പരിഷ്‌കരണങ്ങള്‍ അതിനകം സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചിരുന്നു. പൊതുസമ്പത്തില്‍ കൈയിട്ടുവാരി വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച പിനോഷെ, രാജ്യത്തിന്റെ ഖജനാവ് സ്വന്തക്കാര്‍ക്കു മുന്നില്‍ തുറന്നു. അയാളുടെ ഭരണത്തിന്‍ കീഴില്‍ സൈന്യം നടത്തിയ കൊടും മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുവന്നതോടെ രാജ്യാന്തര രാഷ്ട്രീയം എതിരായി. എട്ടു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ഹിതപരിശോധന കൂടി നടന്നു. 56 ശതമാനം ജനങ്ങള്‍ അയാള്‍ക്കെതിരെ വോട്ട് ചെയ്തു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ പിനോഷെ നിര്‍ബന്ധിതമായി. 1990-ല്‍ അയാള്‍ ഭരണത്തില്‍നിന്നും പുറത്തായി. എന്നാല്‍, അയാള്‍ തന്നെ കെട്ടിയുണ്ടാക്കിയ പുതിയ ഭരണഘടന നല്‍കിയ അവകാശം വിനിയോഗിച്ച് പിനോഷെ, രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായി തുടര്‍ന്നു. പക്ഷേ, എട്ടാമത്തെ വര്‍ഷം, ലണ്ടനില്‍ വെച്ച് മനുഷ്യാവകാശ ലംഘനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അന്താരാഷ്ട്ര വാറണ്ട് പ്രകാരം പിനോഷെ അറസ്റ്റിലായി. പക്ഷേ, അയാള്‍ തളര്‍ന്നില്ല. നിയമപോരാട്ടം നടത്തി. അനാരോഗ്യവും രോഗങ്ങളും ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷത്തിനകം മോചിതനായി. ചിലിയിലേക്ക് തിരിച്ചെത്തി. 

എന്നാല്‍, രാഷ്ട്രീയമായി ചിലി അടിമുടി മാറിയിരുന്നു. 2004-ല്‍ ഴുവാന്‍ ഗുസ്മാന്‍ താപിയ എന്ന ജഡ്ജ് അയാള്‍ക്കെതിരെ നിലപാട് എടുത്തു. നൂറു കണക്കിന് ്രകിമിനല്‍ കുറ്റങ്ങള്‍ സ്വന്തം പേരിലുണ്ടായിട്ടും അനാരോഗ്യം ചൂണ്ടിക്കാട്ടി വിചാരണകളില്‍നിന്നും രക്ഷപ്പെട്ടു പോന്ന അയാള്‍ക്ക് അതിനുമാത്രം രോഗങ്ങളില്ലെന്ന് ജഡ്ജി വിധിയെഴുതി. ഒപ്പം, വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തു. അങ്ങനെ പിനോഷെ വീട്ടുതടങ്കലിലായി. എന്നാല്‍, രണ്ടു വര്‍ഷത്തിനു ശേഷം, 91-ം പിറന്നാള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍, ചെയ്ത മുഴുവന്‍ കാര്യങ്ങളും ചിലിയുടെ നന്‍മയ്ക്കു വേണ്ടിയാണെന്ന് അനുയായികളെ ഉദ്‌ബോധിപ്പിച്ചതിനു തൊട്ടുപിന്നാലെ പിനോഷെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ഇത്രയും കൊടിയ കുറ്റങ്ങള്‍ ചെയ്തിട്ടും ഒരു ശിക്ഷയും അനുഭവിക്കാതെയാണ് അയാള്‍ വിടപറഞ്ഞത്. രാജ്യം അയാള്‍ക്ക് ഔപചാരികമായ യാത്രയയപ്പ് നല്‍കാതിരുന്നിട്ടും ചിലിയന്‍ സൈന്യം എല്ലാ ബഹുമതികളോടെയും ആ ഏകാധിപതിയെ യാ്രതയാക്കി. മരിക്കുമ്പോള്‍ 300-ലേറെ ക്രിമിനല്‍ കുറ്റങ്ങള്‍ അയാള്‍ക്കെതിരെ നിലവിലുണ്ടായിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍, പൊതുസ്വത്ത് അപഹരണം അടക്കമുള്ള സാമ്പത്തിക കുറ്റങ്ങള്‍, രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കേസുകള്‍ എന്നിങ്ങനെ മറ്റനേകം കുറ്റകൃത്യങ്ങളും അയാള്‍ ചെയ്തതായി തെളിഞ്ഞിരുന്നു. 

പെരുമഴയത്ത് നഗ്‌നനൃത്തം ചെയ്യുന്ന ഒരുവള്‍ക്ക് എല്ലായ്‌പ്പോഴും നാം കരുതുന്ന അര്‍ത്ഥമല്ല!

ജനറല്‍ അഗസ്‌തോ പിനോഷെ ഭാര്യയ്‌ക്കൊപ്പം Photo: Gettyimages

തിരശ്ശീലയില്‍ പിനോഷെയുടെ നിഴല്‍

ആ പിനോഷെയുടെ പിണിയാളുകളാണ്, യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി നിര്‍മിച്ച ഈ സിനിമയില്‍ നമ്മുടെ മുന്നില്‍, സര്‍വ്വ സൗകര്യങ്ങളോടെ, ജയില്‍ശിക്ഷ എന്ന വ്യാജേന സുഖജീവിതം നയിക്കുന്നത്. അവരോരുത്തര്‍ക്കും എതിരെ നൂറു കണക്കിന് കേസുകള്‍ നിലവിലുണ്ടായിരുന്നു. നിരപരാധികളെ വേട്ടയാടുകയും പീഡനകേന്ദ്രങ്ങളിലിട്ട് പീഡിപ്പിക്കുകയും കൊന്നുകളയുകയും കൂട്ടക്കുഴിമാടങ്ങളില്‍ അടക്കുകയും ചെയ്ത കേസുകള്‍. ഭരണകൂട തേര്‍വാഴ്ചയുടെ വേട്ടപ്പട്ടികളായ അവര്‍ 'ശിക്ഷിക്കപ്പെട്ട്' ജയിലില്‍ കഴിയുന്ന നാളുകളിലാണ് സിനിമ തുടങ്ങുന്നത്. അവിടെ, അവരുടെ പരിചാരകരെ പോലെ ജയില്‍ ഉദ്യോഗസ്ഥര്‍. (തങ്ങളും വിധിയുടെ തടവറയിലാണെന്ന് അവരിലൊരു ഉദ്യോഗസ്ഥന്‍ ഇടയ്ക്ക് പറയുന്നുണ്ട്.) തങ്ങള്‍ ഇപ്പോഴും സര്‍വ്വാധികാരികളാണെന്ന് വിശ്വസിക്കുന്ന അവരുടെ ജീവിതം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. 

ഒരു മാധ്യമ അഭിമുഖം. അതായിരുന്നു കാര്യങ്ങള്‍ തകിടംമറിച്ചത്. കൂട്ടത്തിലൊരു ജനറല്‍, കമനീയമായ ജയില്‍ മുറികളിലൊന്നില്‍വെച്ച് നല്‍കിയ അഭിമുഖത്തില്‍, തങ്ങള്‍ ചെയ്ത ക്രൂരകൃത്യങ്ങളെയെല്ലാം ന്യായീകരിക്കുകയായിരുന്നു. 'ഞാനാരെയും കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശത്രുക്കളെ, അവര്‍ അര്‍ഹിക്കുന്ന വിധം കൈകാര്യം ചെയ്യുക മാത്രമാണ് ചെയ്തത്.'-അയാള്‍ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ താമസിക്കുന്നത് ജയിലിലല്ല എന്നും അവിടെയുള്ള വാര്‍ഡന്‍മാര്‍ പരിചാരകര്‍ മാത്രമാണെന്നും അയാള്‍ അഭിമുഖത്തില്‍ പറഞ്ഞു. വീഡിയോ പുറത്തുവന്നതും ഇവരുടെ സുഖവാസത്തിന് എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ ബന്ധുക്കള്‍ രംഗത്തുവന്നതോടെ, സര്‍ക്കാര്‍ ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ഓരോന്നായി വെട്ടിക്കുറച്ചു. പതിയെ ഇവരെ മറ്റൊരു തടവറയിലേക്ക് മാറ്റാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ആന്റിസ് മലനിരകളിലെ സുഖവാസത്തില്‍നിന്നും അവര്‍ പുറത്തായി. 

ഇതാണ് സിനിമയുടെ പ്രമേയം. എന്നാല്‍, കഥ പറയുന്നതിനപ്പുറം, അഭിമുഖത്തിനു ശേഷമുള്ള നാളുകള്‍ ഈ തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സൗകര്യങ്ങള്‍ ഓരോന്നായി ഇല്ലാതാവുന്നത് തടവറയിലെ വമ്പന്‍മാരെ അരിശം കൊള്ളിച്ചു. അവര്‍ ലഹളയുണ്ടാക്കി. അതേ സമയം, പരിചാരകരില്‍നിന്നും ഉദ്യോഗസ്ഥരിലേക്കുള്ള മാറ്റം അവിടെയുള്ള ജയില്‍ വാര്‍ഡന്‍മാരുടെ നിലപാടുകളിലും മാറ്റമുണ്ടാക്കി. അവര്‍ കൂടുതല്‍ കര്‍ക്കശക്കാരായി. തങ്ങളെ അടിമകളെപ്പോലെ അടക്കി ഭരിച്ച വൃദ്ധര്‍ക്കെതിരെ അവര്‍ പരസ്യമായി ഇടപെട്ടു. ആവശ്യങ്ങളെ ധിക്കരിച്ചു. ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുക പോലും ചെയ്തു. 

തുടക്കം മുതല്‍ ആ ജയിലില്‍ രണ്ട് ദിശയിലുള്ള അധികാര ബലതന്ത്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് തടവുകാര്‍ പുലര്‍ത്തുന്ന, ഭൂതകാല വേരുകളുള്ള അധികാരം. മറുവശത്ത് ആ അധികാര വ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ടു കഴിയുന്ന ഗാര്‍ഡുമാരുടെ കീഴ്‌നില. എന്നാല്‍, പതിയെ അധികാര ഘടന മാറുന്നു. ആ ജയിലിടത്തിലെ സവിശേഷ അധികാര വ്യവസ്ഥ തലകീഴ്മറിയുന്നു. ഗാര്‍ഡുമാര്‍ തങ്ങളുടെ വര്‍ത്തമാന അധികാര ഘടന തിരിച്ചുപിടിക്കുന്നു, കരുത്തരാവുന്നു. ഭൂതകാലം നല്‍കിയ അധികാരത്തില്‍ ജീവിച്ചിരുന്ന, ശാരീരികമായി അവശരായ, വൃദ്ധജനറല്‍മാര്‍ കാണെക്കാണെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുന്നതറിയുന്നു. ഒരു ഗ്രീക്ക് ട്രാജഡിയിലെ കഥാപാത്രങ്ങളെപ്പോലെ ദുര്‍ബലതയെപ്പുല്‍കുന്നു.

'നിശാഗന്ധി നിശബ്ദമായ രാത്രി..'; അരനൂറ്റാണ്ടിനിപ്പുറവും ഭയപ്പെടുത്തുന്നു ദി എക്‌സോർസിസ്റ്റ്


 പ്രിസണ്‍ ഇന്‍ ദ് ആന്റിസ് എന്ന സിനിമയിലെ ഒരു രംഗം

യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയിലെത്തുമ്പോള്‍

ഈ സംഘര്‍ഷങ്ങളും അധികാര ഘടനയിലെ കീഴ്‌മേല്‍ മറിയലുകളും ഗംഭീരമായ ദൃശ്യഭാഷയിലൂടെ അടയാളപ്പെടുത്തുകയാണ് സിനിമ. മരിയ പോര്‍ച്ചുഗലിന്റെ ബഹുതലസ്പര്‍ശിയായ പശ്ചാത്തല സംഗീതം, ത്രില്ലറിന്റെയും മിസ്റ്ററി ഡ്രാമയുടെയും ഭാവങ്ങള്‍ സിനിമയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. ജയിലിന്റെ അകംപുറം ദൃശ്യങ്ങള്‍, സവിശേഷമായ ലൈറ്റിംഗ് പാറ്റേണില്‍ പകര്‍ത്തുന്ന ക്യാമറയും, തടവറപോയലുള്ള ഒരു ചെറിയ ഇടത്തിന്റെ വ്യാപ്തിയേറിയ ഋതുഭേദങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തുന്നുണ്ട്. ത്രില്ലര്‍, സറ്റയര്‍ ഘടകങ്ങള്‍ സമര്‍ത്ഥമായി സന്നിവേശിപ്പിച്ച തിരക്കഥ കൈവിട്ടുപോവുമായിരുന്ന പല സന്ദര്‍ഭങ്ങളെയും സിനിമയുടെ പൊതുഭാവത്തോട് ഉറപ്പിച്ചു നിര്‍ത്തുന്നു. സിനിമയിലെ ജനറല്‍മാരടക്കമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും സംവിധായകന്റെ സൂക്ഷ്മതയും രാഷ്ട്രീയ വീക്ഷണവും കടന്നുവരുന്നുണ്ട്. ഈ അഭിനേതാക്കളില്‍ ചിലര്‍ പിനോഷെ ഭരണകാലത്ത് പീഡിപ്പിക്കപ്പെടുകയും തടവറകളില്‍ കിടക്കുകയും ചെയ്തവരാണ്. മറ്റ് ചിലരാവട്ടെ, പിനോഷെയുടെ 'വേട്ടപ്പട്ടികളാല്‍' കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കളും പരിചയക്കാരുമാണ്.

സിനിമയില്‍ പിനോഷെ കടന്നുവരുന്നത്, കറുപ്പിലും വെളുപ്പിലുമുള്ള ഒരു ഓര്‍മ്മച്ചിത്രമായാണ്. ലോകത്തെ വിറപ്പിച്ച ഏകാധിപതി, സിനിമയുടെ ആ ബിന്ദുവില്‍ ഒരു വിദൂരസ്മൃതി മാത്രമാണ്. എന്നാല്‍, മരിച്ചിട്ടും പില്‍ക്കാലത്തേക്ക് കൈകള്‍ നീട്ടി അധികാരം ഉറപ്പിക്കുന്ന പിനോഷെയെയാണ് അദ്ദേഹമില്ലാത്ത സിനിമയില്‍ നമ്മള്‍ കാണുന്നത്. അദൃശ്യമാണ്, അയാള്‍ വിതയ്ക്കുന്ന അധികാരം. സൂക്ഷ്മവും സമര്‍ത്ഥവുമായാണ്, നിലവിലില്ലാതിരുന്നിട്ടും ഭയം ഇളക്കിച്ചേര്‍ത്ത ഓര്‍മ്മകളിലൂടെ അയാള്‍ സിനിമയില്‍ നിലനില്‍ക്കുന്നത്. മുഖ്യകഥാപാത്രങ്ങളായ അഞ്ച് ജനറല്‍മാരുടെ ശരീരഭാഷയിലും സംഭാഷണങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ധാര്‍ഷ്ഠ്യവും താന്‍പോരിമയും പിനോഷെ അവശേഷിപ്പിച്ച അധികാരത്തിന്റെ സത്ത തന്നെയാണ്. 

സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഇതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്, സംവിധായകന്‍. യഥാര്‍ത്ഥ സംഭവങ്ങള്‍ ആസ്പദമാക്കി എടുത്ത ഈ സിനിമയില്‍ ഊന്നിപ്പറയാതെ പോയ ഒരു സത്യം സംവിധായകന്‍ സിനിമ പുറത്തുവന്നശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ''ഈ ജനറല്‍മാര്‍ റിസോര്‍ട്ടില്‍നിന്നും മടങ്ങിപ്പോവുന്നത് ഒരു ജയിലിലേക്കാണ് എന്ന് പറഞ്ഞുനിര്‍ത്തുകയാണ് സിനിമ. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍, ഈ അഞ്ച് ജനറല്‍മാര്‍ പോയത്, ലാറ്റിനമേരിക്കയിലെ ഒരു തടവുകാര്‍ക്കുമില്ലാത്ത സൗകര്യങ്ങളിലേക്കാണ്. ചിലിയന്‍ സര്‍ക്കാര്‍ പുതുതായി പണിതീര്‍ത്ത, എല്ലാ സൗകര്യങ്ങളോടും കൂടിയ ജയിലിലേക്കാണ്.'' ഇത്രയും ക്രൂരകൃത്യങ്ങള്‍ ചെയ്തിട്ടും, ജീവിതകാലത്തൊരിക്കലും താന്‍ ചെയ്ത കുറ്റങ്ങളുടെ പേരില്‍ ശിക്ഷ അനുഭവിക്കാതെയാണ് ജനറല്‍ അഗസ്‌തോ പിനോഷെ മരണത്തിലേക്ക് മടങ്ങിയതെന്ന യാഥാര്‍ത്ഥ്യം ഇതോട് കൂട്ടി വായിക്കുമ്പോള്‍, ജനാധിപത്യമെന്നും നീതിയെന്നുമെല്ലാം പറഞ്ഞ് നമ്മള്‍ വാഴ്ത്തുന്ന ലോകരാഷ്ട്രീയ വ്യവസ്ഥയുടെ പൊള്ളത്തരം കൂടിയാണ് ഈ സിനിമ വെളിവാക്കുന്നത്. 

പ്രത്യാശ ഒരു നുണ! 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്'

ജനറല്‍ അഗസ്‌തോ പിനോഷെയുടെ കാലത്ത് ചിലിയില്‍ കൊല്ലപ്പെട്ടവരില്‍ ചിലരുടെ ചിത്രങ്ങള്‍ Photo: Gettyimages

കഥ തുടരുന്നു, സിനിമയും!

കഥ അവിടെയും തീരുന്നില്ല എന്നാണ് ചിലിയില്‍നിന്നുള്ള പുതിയ വാര്‍ത്തകളും പറയുന്നത്. നീണ്ട 17 വര്‍ഷം ചിലിയെ സൈനിക ഏകാധിപത്യത്തിന്റെ കീഴില്‍ തളച്ചിട്ട പിനോഷെ മരണശേഷവും വാഴ്ത്തപ്പെടുകയാണ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. 'പിനോഷെ ആയിരുന്നു ശരി' എന്ന് വാഴ്ത്തിപ്പാടുന്ന തീവ്രവലതുപക്ഷ റിപ്പബ്ലിക്കന്‍ കക്ഷിയാണ് അവിടെ ഈയിടെ നടന്ന ഹിതപരിശോധനയില്‍ വന്‍ വിജയം നേടിയത്. പിനോഷെ സ്വന്തം താല്‍പ്പര്യ പ്രകാരം മാറ്റിയെഴുതിയ ഭരണഘടനയെ, ജനകീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിമറിച്ച ഇടതുപക്ഷ സര്‍ക്കാറിന് എതിരായാണ് പുതിയ ഹിതപരിശോധനാഫലം. 57 ശതമാനം പേരാണ് ഗര്‍ഭഛിദ്ര നിരോധനം അടക്കമുള്ള വലതുപക്ഷ നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ലോകമെങ്ങും ശക്തിയാര്‍ജിക്കുന്ന തീവ്ര വലതുപക്ഷ-ഫാഷിസ്റ്റ് രാഷ്ട്രീയധാരയോട് ചേര്‍ന്നു നില്‍ക്കുന്ന വിധം, തീവ്രദേശീയതയില്‍ അടിയുറച്ച യാഥാസ്ഥിതിക മൂല്യങ്ങള്‍ മുന്നോട്ടുവെക്കുന്ന റിപ്പബ്ലിക്കന്‍ കക്ഷി പിനോഷെ ആധുനിക ചിലിയുടെ ശില്‍പ്പിയാണെന്നാണ് ഉറക്കെ പ്രഖ്യാപിക്കുന്നത്. 

ജനാധിപത്യത്തെ തകിടം മറിക്കാന്‍ കാത്തുനില്‍ക്കുന്ന ചിലിയന്‍ സാഹചര്യങ്ങളാണ്, ഇത്തരമൊരു സിനിമ എടുക്കാന്‍ പ്രേരണയായത് എന്നും സംവിധായകന്‍ മറ്റൊരു ഒരഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട്. എന്നാല്‍, അത്തരമൊരു രാഷ്ട്രീയം അതാവശ്യപ്പെടുന്ന വ്യക്തതയിലും മൂര്‍ച്ചയിലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നില്ല. സിനിമാറ്റിക് വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ തിരക്കഥ സിനിമയിലെ ഈ രാഷ്ട്രീയത്തെ അദൃശ്യമാക്കുകയാണ് ചെയ്യുന്നത്. മൂര്‍ച്ചയേറിയ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും, തടവറക്കുള്ളില്‍ കഴിയുന്ന മനുഷ്യരുടെ വൈയക്തിക പ്രശ്‌നങ്ങളാണ് സിനിമ ഉയര്‍ത്തിക്കാട്ടുന്നത്. സിനിമാറ്റിക് സാധ്യതകള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ആഖ്യാനത്തിലെ പുതുസങ്കേതങ്ങളില്‍ ഫോക്കസ് ചെയ്യുകയും ചെയ്യുന്നത്, സംവിധായകന്‍ അഭിമുഖങ്ങളില്‍ ഊന്നിപ്പറയുന്ന രാഷ്ട്രീയ വശങ്ങള്‍ അവ്യക്തമാകാന്‍ കാരണമായിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍, ലോകമെങ്ങും പടരുന്ന സമഗ്രാധികാരത്തിന്റെ പ്രത്യയശാസ്ത്ര രൂപങ്ങളെ, സൂക്ഷ്മമായ കരുതലോടെ സമീപിക്കാനുള്ള ഉള്‍ക്കാഴ്ച ഈ സിനിമ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുന്നുണ്ട്. ഒരു പക്ഷേ, അതാവണം, പുതിയ കാലത്തിന്റെ തിരശ്ശീലയില്‍ ഈ സിനിമയെ കരുത്തോടെ ഉറപ്പിച്ചു നിര്‍ത്തുന്നത്.