അടിയന്തരാവസ്ഥയുടെ 50 ആണ്ടുകള്‍ പൂര്‍ത്തിയാകുന്ന 2025-ല്‍ പുറത്തിറങ്ങിയ സിനിമ എന്ന നിലയില്‍ തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് എന്ന ചലച്ചിത്രം സംവിധായകന്‍ ഉണ്ണികൃഷ്‌ണന്‍ ആവളയുടെ ധൈര്യവും മികവും ആയി വിലയിരുത്താം
'ഞങ്ങടെ കാട്, ഞങ്ങടെ വഴി, ഞങ്ങടെ ജീപ്പ്'... നാളിത്രയും ചൂഷണമേറ്റ് കഴിയേണ്ടിവന്നിരുന്ന കാട്ടിലെ ഗുഹാമനുഷ്യരായ ചോലനായ്‌കര്‍ സ്വന്തം ജീപ്പില്‍ മലയിറങ്ങി വരികയാണ്. ഉച്ചത്തില്‍ അടിയന്തരാവസ്ഥക്കെതിരായ രാഷ്‌ട്രീയ മുഴക്കവും ചോലനായ്‌കരുടെ വംശ ജീവിതവും പകര്‍ത്തിയ സിനിമയാണ് ഉണ്ണിക്കൃഷ്‌ണന്‍ ആവള സംവിധാനം ചെയ്‌ത തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് (Life of a Phallus). ചോലനായ്‌ക്കരുടെ തനത് ഭാഷയില്‍ ചിത്രീകരിച്ച് 117 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ പ്രേക്ഷകര്‍ക്ക് ഗംഭീരമായ കാഴ്‌ചയുടെ വിരുന്നും രാഷ്‌ട്രീയ ബോധ്യങ്ങളും തുടര്‍ ചോദ്യങ്ങളും നല്‍കുന്നു. അടിയന്തരാവസ്ഥയുടെ 50 ആണ്ടുകള്‍ പൂര്‍ത്തിയാകുന്ന 2025-ല്‍ പുറത്തിറങ്ങിയ സിനിമ എന്ന നിലയില്‍ തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് എന്ന സിനിമ സംവിധായകന്‍ ഉണ്ണികൃഷ്‌ണന്‍ ആവളയുടെ ധൈര്യവും മികവും ആയി വിലയിരുത്താം.
ഇണ വേട്ടയും ഭരണകൂട വേട്ടയും
ഉടലാഴത്തിന് ശേഷം ഉണ്ണികൃഷ്‌ണന്‍ ആവള സംവിധാനം ചെയ്‌ത തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് ഒരു രാഷ്‌ട്രീയ തുടര്‍ച്ചയാണ്. എങ്ങനെയാണ് ശരീരം നമ്മുടെ സമൂഹത്തിൽ ഒരു ചതിയുടെ കോലായി മാറുക എന്നതായിരുന്നു ഉടലാഴം പരിശോധിച്ചതെങ്കില്‍ തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് (Life of a Phallus) ഇണ വേട്ടയുടെ കഥയാണ് പറയുന്നത്. ഒരിണയ്‌ക്ക് വേണ്ടി മത്സരിക്കേണ്ടിവരുന്ന സാഹചര്യത്തിലേക്ക്, കാട്ടില്‍ സ്‌ത്രീകള്‍ കുറയുന്നതിലേക്ക് ഗോത്ര മനുഷ്യര്‍ എങ്ങനെയെത്തി എന്ന അന്വേഷണമാണ് തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് എന്ന സിനിമ.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ പ്രഖ്യാപിച്ച അടിയന്താവസ്ഥക്കാലത്ത് പുരുഷന്‍മാരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയത് ഇന്നും രാഷ്‌ട്രീയ വിവാദമാണ്. എന്നാല്‍ അക്കാലത്ത് (1975-77) വന്ധ്യംകരണ ക്യാംപുകളുടെ മറവില്‍ വംശഹത്യയും നടമാടിയിരുന്നു എന്ന് തുറന്നുപറയുകയാണ് തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് എന്ന സിനിമയിലൂടെ ഉണ്ണികൃഷ്‌ണന്‍ ആവള എന്ന സംവിധായകന്‍. നിര്‍ബന്ധിത വന്ധ്യംകരണ ക്യാംപുകളില്‍ കേരളത്തിലടക്കം പല ഗോത്ര വിഭാഗങ്ങളിലും വംശഹത്യയുടെ കോപ്പുകൂട്ടലാണ് നടന്നത് എന്ന് തെളിയിക്കുകയാണ് ഈ സിനിമ. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഇന്ദിരാ ഗാന്ധിയുടെ വലിയ ഛായാചിത്രത്തില്‍ പ്രതിബിംബമായി വന്ധ്യംകരണ ശസ്‌ത്രക്രിയാ ടേബിളിന് മുന്നില്‍ ഒരുക്കങ്ങള്‍ നടക്കുന്ന ഷോട്ടിലാണ് തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് (Life of a Phallus) എന്ന രാഷ്‌ട്രീയ സിനിമ ആരംഭിക്കുന്നത്.
ചോലനായ്‌ക്ക വിഭാഗത്തില്‍പ്പെട്ട നരി മൊഞ്ചന്‍ (ബെള്ളക്കരിയൻ) എന്ന യുവാവ്. അവള്‍ക്ക് ബെല്ല (ചിഞ്ചിന ഭാമിനി) എന്ന പെണ്‍കുട്ടിയോട് അപാരമായ സ്നേഹം ഉടലെടുക്കുന്നു. എന്നാല്‍, പൊസസ്സീവിനസ് നരിയെ ബെല്ലയുടെ അപ്രീതി പിടിച്ചുപറ്റുന്നതിന് കാരണമാകുന്നു. ബെല്ലയുടെ ഇഷ്‌ടക്കുറവും തന്‍റെ യഥാര്‍ഥ പിതാവ് ആരെന്ന (തന്തപ്പേര്) ചോദ്യവും നരിയെ വല്ലാതെ അലട്ടുന്നു. അതിനിടെ ബെല്ലയും പൂമല (അയ്യപ്പൻ പൂച്ചപ്പാറ) എന്ന യുവാവും തമ്മില്‍ അടുക്കുകയാണ്. കാടിന്‍റെ നിയമമനുസരിച്ച് പൂമലയും ബെല്ലയും 14 ദിവസത്തെ വാസത്തിനായി ഉള്‍ക്കാട് കയറുന്നു. നരിക്ക് അവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂമലയ്‌ക്കും ബെല്ലയ്‌ക്കും വിവാഹം കഴിക്കാം, അതാണ് കാടിന്‍റെ നിയമം. നരി അവരെ കണ്ടെത്തുന്നു, പക്ഷേ...
തന്‍റെ സ്വത്വം അന്വേഷിച്ചുള്ള ചോദ്യത്തിന്‍റെ ഉത്തരത്തിലേക്ക് ഒടുവില്‍ നരി എത്തുന്നു. എന്നാല്‍ അതിന് മറവില്‍ അടിയന്തരാവസ്ഥയുടെ അധികമാരും അറിയപ്പെടാത്ത ഒരു ഇരുണ്ട അധ്യായത്തിന്‍റെ പൊരുളുണ്ടായിരുന്നു. ഗോത്ര വിഭാഗങ്ങളെ ചികിത്സകളുടെ പേരില്‍ മറയാക്കി നിര്‍ബന്ധിതമായി വന്ധ്യംകരിച്ച കുടില തന്ത്രങ്ങളുടെ ചുരുളഴിയുകയാണ് അങ്ങനെ. ഗോത്ര മനുഷ്യരെ പിഴിഞ്ഞവരില്‍ ഒരു ജീപ്പ് ഡ്രൈവറുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍, ഇത് 'ഞങ്ങടെ കാട്, ഞങ്ങടെ വഴി, ഞങ്ങടെ ജീപ്പ്'- എന്ന് ഉറക്കെപ്പറഞ്ഞ് ചോലനായ്‌ക്കര്‍ സ്വയം വണ്ടിയോടിച്ച് പോകുന്നിടത്താണ് തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് അവസാനിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ടൈറ്റിലില്‍ കാണിച്ച അതേ വാസക്‌ടമി രംഗത്തിലേക്ക് ക്യാമറ തിരിച്ചുകൊണ്ട്, അവസാന ഭാഗത്ത് അടിയന്തരാവസ്ഥക്കാലത്തെ കിരാത വന്ധ്യംകരണ ക്യാംപുകളുടെ യാഥാര്‍ഥ്യം സിനിമ അടിവരയിടുന്നു.
ചോലനായ്‌ക്കരുടെ ചേലുള്ള സിനിമ
ചോലനായ്‌ക്കരുടെ തനത് ഭാഷയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ദൃശ്യ വിസ്‌മയാണ് തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് എന്ന ചലച്ചിത്രം. ചോലനായ്‌കരുടെ സ്വത്വം ചോരാതെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഉണ്ണികൃഷ്‌ണന്‍ ആവളയും, ചോലനായ്‌ക വിഭാഗത്തില്‍ നിന്നുതന്നെയുള്ള വിനോദ് ചെല്ലനും ചേര്‍ന്ന്. നരിയായും ബെല്ലയായും പൂമലയായും നിലമ്പൂര്‍ കാടുകളിലെ ചോലനായ്‌കര്‍ വേഷമിട്ടിരിക്കുന്നു. ആറ് വര്‍ഷത്തോളം സമയമെടുത്ത് പൂര്‍ത്തീകരിച്ച സിനിമ എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ്, ചോലനായ്‌ക അഭിനയതാക്കളുടെ സ്വാഭാവികവും അവിശ്വസനീയവുമായ അഭിനയം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റുന്നു. മുഹമ്മദിന്‍റെ അതിശക്തമായ ക്യാമറ സിനിമയ്‌ക്ക് മനോഹരമായ ക്യാന്‍വാസുകള്‍ ഒരുക്കിയിരിക്കുന്നു. വന്യതയും കാടിന്‍റെ സ്വാഭാവിക വെളിച്ചവും മുഹമ്മദ് ജീവന്ധിയായി പകര്‍ത്തി. ജാനകി ഈശ്വറിന്‍റെ റിതു വൈശാഖിന്‍റെയും പശ്ചാത്തല സംഗീതവും അരുണ്‍ വര്‍മ്മ, അരുണ്‍ അശോക് സഖ്യത്തിന്‍റെ സൗണ്ട് ഡിസൈനും സിനിമയ്‌ക്ക് ഭാവതാളം നല്‍കിയിട്ടുണ്ട്. ബിജിപാലിന്‍റെ സംഗീതവും തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസിനെ കാടോടണയ്‌ക്കുന്നു. അമ്പിളി മൈഥിലിയുടെ ആര്‍ട്ടില്‍ കാടിന്‍റെ വന്യതയും താളാത്മകതയും ഇഴചേര്‍ന്നിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്ന ചലച്ചിത്രാനുഭവമാണ് 30-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് എന്ന സിനിമ. ഇന്നും ഗുഹകളില്‍ അധിവസിക്കുന്ന ഏഷ്യയിലെ ഏക മനുഷ്യ വിഭാഗമായ ചോലനായ്‌ക്കരുടെ ചരിത്രവും ജീവിതവും അതിജീവനവും ഒരു തന്തപ്പേരിന്‍റെ പശ്ചാത്തലത്തില്‍ മനോഹര സിനിമയാക്കിയ ഉണ്ണികൃഷ്‌ണന്‍ ആവള അഭിനന്ദനം അര്‍ഹിക്കുന്നു. ആദ്യ ചോലനായ്‌ക സിനിമയെന്ന നിലയിലും അടിയന്തരാവസ്ഥ കാലത്തെ വംശഹത്യാ ശ്രമങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരുന്ന ചലച്ചിത്ര സൃഷ്‌ടി എന്ന നിലയിലും ഉറച്ച രാഷ്‌ട്രീയ പ്രഖ്യാപനമാകുന്നു തന്തപ്പേര്- ലൈഫ് ഓഫ് എ ഫാലസ് എന്ന സിനിമ.



