Asianet News MalayalamAsianet News Malayalam

'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' ഫണ്‍ ത്രില്ലര്‍ ചിത്രം - റിവ്യൂ

കൊച്ചി നഗരത്തെ ഞെട്ടിച്ച ഒരു ക്രൈം പൊലീസ് അന്വേഷിക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. 

Once Upon a Time in Kochi Fun Thriller Movie  Review
Author
First Published May 31, 2024, 1:57 PM IST

മര്‍ അക്ബര്‍ആന്‍റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ പോലുള്ള മലയാളിക്ക് എന്നും ആസ്വദിക്കാന്‍ കഴിയുന്ന ചിരിപ്പടങ്ങള്‍ ഒരുക്കിയ നാദിര്‍ഷാ ഒരുക്കിയ പുതിയ ചിത്രമാണ്  'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി'. ഫണ്ണും, ത്രില്ലും ഒരുപോലെ ചേര്‍ത്ത മികച്ചൊരു കഥാപരിസരത്തിലൂടെ രണ്ട് മണിക്കൂറോളം പ്രേക്ഷകന് തീയറ്ററില്‍ ടിക്കറ്റ് വസൂലായി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം തന്നെയാണ് നാദിര്‍ഷാ ഒരുക്കിയിരിക്കുന്നത്. റാഫിയുടെ രചനയാണ് ചിത്രത്തിന്‍റെ നട്ടെല്ല് എന്ന് പറയാം. 

കൊച്ചി നഗരത്തെ ഞെട്ടിച്ച ഒരു ക്രൈം പൊലീസ് അന്വേഷിക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു കാലത്ത് തകര്‍ന്ന പ്രണയിതാക്കളാണ് ഹൈബിയും ജാനകിയും. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തില്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടുമുട്ടുകയാണ്. ഇവിടെ ആരംഭിക്കുന്ന രണ്ടുപേരുടെയും സാഹസികവും രസകരവുമായ യാത്രയാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ഒപ്പം തന്നെ ആനന്ദ് എന്ന പൊലീസ് ഓഫീസറും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്. ഇവരുടെ ഈ യാത്രയിലെ വലിയ ട്വിസ്റ്റുകള്‍ ശരിക്കും പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് തീയറ്ററില്‍. 

പുതിയ കാലത്തിനൊത്ത വേഗതയില്‍ തന്നെയാണ് റാഫിയുടെ തിരക്കഥ ചിത്രത്തെ കൊണ്ടു പോകുന്നത്. ആക്ഷനും ത്രില്ലിനും ഇടയില്‍ ഒളിപ്പിച്ചുവന്ന തമാശകളും ട്വിസ്റ്റുകളും ഗംഭീരമായിട്ടുണ്ട്. പ്രത്യേകിച്ച് ഇന്‍റര്‍വെല്‍ പഞ്ച് ശരിക്കും തീയറ്ററില്‍ ആകാംക്ഷയുണ്ടാക്കുന്നുണ്ട്. 

സംവിധായകൻ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിലെ നായകനായ ഹൈബിയായി എത്തുന്നത്. ഒരു പുതുമുഖത്തിന്‍റെ ഒരു പതര്‍ച്ചയും ഇല്ലാതെ മുഴുനീളം ഈ വേഷത്തെ മുബിന്‍ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ആക്ഷനിലും, തമാശയിലും, ഡാന്‍സിലും എല്ലാം ഭാവി പ്രതീക്ഷ കൂടിയാണ് ഈ നടന്‍ എന്ന് പറയാം. ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ഇതിനൊപ്പം എടുത്തുപറയേണ്ട റോള്‍ അർജുൻ അശോകന്‍റെതാണ്. നായകതുല്യമായ വേഷത്തില്‍ എസ്ഐ ആനന്ദായി അര്‍ജുന്‍ തിളങ്ങുന്നു. അല്‍പ്പം സൈക്കോയാണോ എന്ന് തോന്നിക്കുന്ന പ്രകടനം അതിഗംഭീരമായിട്ടുണ്ട്.  ഷൈൻ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, സാജു നവോദയ ഇങ്ങനെ ഒരുപിടി മികച്ച താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിലെ ടൈറ്റില്‍ സോംഗും നിക്കാഹ് ഗാനവും ആസ്വദ്യകരമായി തന്നെ ഒരുക്കിയിട്ടുണ്ട്. ഒപ്പം ബിജിഎമ്മും ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഛായാഗ്രഹകൻ ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം ഇങ്ങനെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരും കൈയ്യടി അര്‍ഹിക്കുന്ന പ്രകടനത്തോടെ സംവിധായകന്‍റെ ആഖ്യാനത്തോട് നീതിപുലര്‍ത്തുന്നുണ്ട്   'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി'യില്‍.

കൊച്ചിയുടെ ബാക്ഡ്രോപ്പില്‍ പൂര്‍ണ്ണമായും തീയറ്ററില്‍ ആസ്വദിക്കേണ്ട ഒരു ഫണ്‍ ഫില്‍ഡ് ത്രില്ലര്‍ സ്റ്റോറിയാണ്   'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി'യിലൂടെ പറയുന്നത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ചിത്രമായി കാണാമെങ്കിലും അത് ഒരു മുദ്രവാക്യം പോലെ അല്ലാതെ തീര്‍ത്തും രസകരമായി ചിത്രം ആവിഷ്കരിക്കുന്നുണ്ട്. 

സംവിധാനം നാദിർഷാ, റാഫിയുടെ തിരക്കഥ, മകൻ നായകൻ; ഒപ്പം ശ്രീജിത്തും ഷൈനും,'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' നാളെ എത്തും

നാദിര്‍ഷയുടെ സംവിധാനത്തില്‍ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'; ട്രെയ്‍ലര്‍

Latest Videos
Follow Us:
Download App:
  • android
  • ios