ഫുട്ബോള്‍ കമന്‍റേറ്ററാവാന്‍ ആഗ്രഹിക്കുന്ന മലപ്പുറത്തുകാരിയായി കല്യാണി പ്രിയദര്‍ശന്‍

സ്വന്തം ആഗ്രഹം നിറവേറ്റാന്‍ ഏത് ദുര്‍ഘട പാതകളും താണ്ടി മുന്നേറുന്ന ചില അപൂര്‍വ്വ മനുഷ്യര്‍. ലോകം പുച്ഛിക്കുമ്പോഴും സ്വന്തം ഉള്ള് പറയുന്നത് കേള്‍ക്കാതിരിക്കാനാവാത്ത ചിലര്‍. സിനിമയ്ക്ക് ഏറ്റവും താല്‍പര്യമുള്ള ഗണങ്ങളിലൊന്നാണ് പ്രചോദിപ്പിക്കുന്ന സിനിമകള്‍ (ഇന്‍സ്പിരേഷണല്‍ മൂവീസ്). മലയാള സിനിമയില്‍ നിന്ന് ആ ഗണത്തിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്ന ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ.

സ്ത്രീകള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത മേഖല- ഒരു ഫുട്ബോള്‍ കമന്‍റേറ്ററായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമ നൂര്‍ജഹാന്‍. കുഞ്ഞിലേ മുതലേ സംസാരപ്രിയയായ, അതിനാല്‍ത്തന്നെ ചെലമ്പിച്ചി എന്ന് വിളിപ്പേരുള്ള ഫാത്തിമയുടെ ഫുട്ബോള്‍ താല്‍പര്യം രക്തത്തില്‍ ഉള്ളതാണ്. ഒരു മലപ്പുറംകാരിയാണ് എന്നത് മാത്രമല്ല അതിന് കാരണം. പഴയ സെവന്‍സ് കളിക്കാരനും ഇപ്പോള്‍ മോട്ടോര്‍ മെക്കാനിക്കുമായ മുനീറിന്‍റെ മകളാണ് ഫാത്തിമ. മുനീറിന്‍റെ മൂത്ത മകന്‍ ആസിഫും ഫുട്ബോള്‍ അഭിനിവേശമുള്ള ആളാണ്. വിദേശ ലീഗുകളടക്കം ചേട്ടനൊപ്പം ഇരുന്ന് കാണുന്ന, റയല്‍ മാഡ്രിഡിന്‍റെ കടുത്ത ആരാധികയായ ഫാത്തിമയുടെ മുന്നിലേക്ക് ഒരു ഫുട്ബോള്‍ കമന്‍റേറ്ററുടെ മൈക്ക് യാദൃശ്ചികമായി എത്തുകയാണ്. ആദ്യവേദിയില്‍ തന്നെ വലിയ കൈയടി ലഭിച്ചതോടെ ആ മോഹം അവളെ വിടാതെ പിന്തുടരുകയാണ്. ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആവാന്‍ ഫാത്തിമ നടത്തുന്ന പരിശ്രമങ്ങളാണ് ശേഷം മൈക്കില്‍ ഫാത്തിമ എന്ന സിനിമയുടെ പ്ലോട്ട്.

എല്ലാ ഇന്‍സ്പിരേഷണല്‍ മൂവീസിന്‍റെയും ഘടനയില്‍ തന്നെയാണ് സംവിധായകന്‍ മനു സി കുമാര്‍ ശേഷം മൈക്കില്‍ ഫാത്തിമയും ഒരുക്കിയിരിക്കുന്നത്. (ചിത്രത്തിന്‍റെ രചനയും അദ്ദേഹത്തിന്‍റേത് തന്നെ). എന്നാല്‍ ഇത്തരം സിനിമകള്‍ പ്രേക്ഷകരുമായി സൃഷ്ടിക്കേണ്ട വൈകാരിക അടുപ്പം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്‍റെ വിജയം. തന്‍റെ ലക്ഷ്യം നേടാനായി ശ്രമിക്കുന്ന നായകനോ നായികയോ കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമയുടെ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന മറ്റൊന്ന് ആ കഥാപാത്രത്തിന്‍റെ താരനിര്‍ണയമാണ്. കല്യാണി പ്രിയദര്‍ശന്‍ മനോഹരമായി തന്‍റെ റോള്‍ ഇവിടെ നിര്‍വ്വഹിച്ചിട്ടുണ്ട്. സ്ക്രീന്‍ പ്രസന്‍സിലൂടെയും എനര്‍ജി ലെവലിലൂടെയും ഒരു സ്റ്റാര്‍ മെറ്റീരിയല്‍ ആണ് താനെന്ന് ഫാത്തിമയിലൂടെ കല്യാണി തെളിയിക്കുന്നുണ്ട്. ഒപ്പം ഒടുങ്ങാത്ത മോഹവും അതിനുവേണ്ടിയുള്ള പരിശ്രമവും തിരിച്ചടികളില്‍ തളരാത്ത മനോനിലയുമൊക്കെയുള്ള ഫാത്തിമയെ വിശ്വസനീയമാംവിധം അവതരിപ്പിച്ചിട്ടുമുണ്ട് കല്യാണി. സിനിമയുടെ ആത്മാവ് തന്നെ കല്യാണിയുടെ സാന്നിധ്യവും പ്രകടനവുമാണെന്ന് പറയാം.

മറ്റ് താരനിര്‍ണയങ്ങളിലും സംവിധായകന് പിഴച്ചിട്ടില്ല. ഫാത്തിമയുടെ ചേട്ടനായി എത്തുന്ന അനീഷ് ജി മേനോന്‍, അച്ഛനായി എത്തിയ സുധീഷ്, സുഹൃത്ത് രമ്യയായി എത്തിയ ഫെമിന ജോര്‍ജ്, ഫുട്ബോള്‍ ഫെഡറേഷന്‍ ഭാരവാഹികളായി എത്തിയ സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍ തുടങ്ങി എല്ലാവരും നന്നായി. അവസാനമെത്തുന്ന, എന്നാല്‍ ചിത്രത്തില്‍ മുഴുനീള സാന്നിധ്യമാവുന്ന അതിഥിവേഷത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്ന താരവും കൊള്ളാം. വലിയ കാന്‍വാസിലുള്ള ചിത്രമല്ലെങ്കിലും മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളുടെയും ഐഎസ്എല്ലിന്‍റെയുമൊക്കെ ആവേശ ദൃശ്യങ്ങള്‍ ചിത്രത്തില്‍ ആവോളമുണ്ട്. സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. കഥപറച്ചിലിനെ തടസ്സപെടുത്താതെ വന്നുപോകുന്ന പാട്ടുകളും മൂഡിലെ ഹൈലൈറ്റ് ചെയ്യുന്ന പശ്ചാത്തലസം​ഗീതവുമൊക്കെ ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.

നായികാപ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ ഇന്ന് തുലോം വിരളമാണ്. ഇനി അത്തരത്തില്‍ എത്തുന്ന പല ചിത്രങ്ങളും സ്ഥിരം ടെംപ്ലേറ്റുകളില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ കാണികളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടവയുമാണ്. അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ശേഷം മൈക്കില്‍ ഫാത്തിമ. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച ഫാത്തിമയും അവളുടെ ലോകവും മോഹവുമൊക്കെ നമ്മെ തൊടുന്നതിനാലാണ് അത്. അതിനാല്‍ത്തന്നെ തിയറ്റര്‍ വാച്ച് ആവശ്യപ്പെടുന്ന ചിത്രവുമാണ് ശേഷം മൈക്കില്‍ ഫാത്തിമ.

ALSO READ : വീണ്ടും തമിഴ് സിനിമയെ ഏറ്റെടുത്ത് മലയാളി; രണ്ടാം വാരം സ്ക്രീന്‍ കൗണ്ടില്‍ വന്‍ വര്‍ധനവുമായി 'ജിഗര്‍തണ്ടാ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക