തനുശ്രീ ദാസ്, സൗമ്യാനന്ദ സഹി എന്നിവർ സംവിധാനം ചെയ്ത 'ഷാഡോബോക്സ്' മനുഷ്യന്റെ നിസ്സഹായതയും ജീവിത യാഥാർത്ഥ്യങ്ങളും ചിത്രീകരിക്കുന്നു. IFFK 2025 അന്താരാഷ്ട മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ റിവ്യൂ വായിക്കാം 

തിലോത്തമ ഷോം പ്രധാന കഥാപാത്രമായെത്തി, തനുശ്രീ ദാസ്, സൗമ്യാനന്ദ സഹി എന്നിവർ സംവിധാനം ചെയ്ത 'ഷാഡോബോക്സ്' എന്ന സിനിമ മനുഷ്യന്റെ ജീവിത യാഥാർത്ഥ്യങ്ങളുടെയും നിസ്സഹായതയുടെയും നേർസാക്ഷ്യമാണ്. നെടുവീർപ്പുകളിലും നിശ്ശബ്ദതയിലുമാണ്, ജീവിതം കഠിനമാവുമ്പോഴും മനുഷ്യർ ആശ്വാസം കണ്ടെത്തുന്നത് എന്ന തോന്നലാണ് ഷാഡോബോക്സ് കണ്ടതിന് ശേഷം തോന്നിയ ആദ്യ കാര്യം. മനുഷ്യരുടെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. കൊൽക്കത്തയിലായാലും, കേരളത്തിലായാലും, അമേരിക്കയിലായാലും ലോകത്തിന്റെ ഏത് കോണിലായാലും നിസ്സഹായതയ്ക്ക് ഒരൊറ്റ ഭാഷയാണ്. അതിനൊരിക്കലും പരിഭാഷയുടെ ആവശ്യം വേണ്ടിവരുന്നില്ല.

മായ (തിലോത്തമ ഷോം) കൊൽക്കത്തയിലെ ഒരു പ്രാന്തപ്രദേശത്ത് ഭർത്താവായ സുന്ദറിനും, മകൻ ദെബുവിന്റേയും കൂടെയാണ് താമസിക്കുന്നത്. അവളുടെ ദിവസം തുടങ്ങുന്നത് തന്നെ അടുക്കളയിലെ ജോലികളിൽ നിന്നുമാണ്. അന്നേ ദിവസം ഭർത്താവിന് പുതിയ ജോലിയുടെ അഭിമുഖത്തിനായുള്ള സർട്ടിഫിക്കറ്റുകളും മറ്റും മകനെ ഏൽപ്പിച്ചുകൊണ്ട് അച്ഛനെയും കൂട്ടി അഭിമുഖത്തിന് കൃത്യ സമയത്ത് എത്തണമെന്ന് മകനെ ഓർമ്മപ്പെടുത്തികൊണ്ട് മായ തന്റെ ജോലിക്കിറങ്ങുന്നു. മകന് നല്ല വിദ്യാഭ്യാസം നൽകണമെന്നും, ആർമിയിൽ നിന്നും വളന്ററി റിട്ടയർമെന്റ് എടുത്ത ഭർത്താവിന് പുതിയ ഒരു ജോലി കണ്ടെത്തണമെന്നും തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തണമെന്നുമുള്ള ചെറിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് അവൾക്കുള്ളത്.

അയൽ വീടുകളിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി ഇസ്തിരി ഇട്ടുകൊടുക്കുകയും, മറ്റുള്ള വീട്ടിൽ അടുക്കള സഹായത്തിനായി എത്തിയുമാണ് മായ തന്റെ ഉപജീവനം നടത്തുന്നത്. കൂലിയായി കിട്ടുന്ന ചെറിയ തുക അവൾ എണ്ണിത്തിട്ടപ്പെടുത്തി സ്വരുക്കൂട്ടിവയ്ക്കുന്നു. തനിക്കെതിരെയുള്ള സമൂഹത്തിന്റെ ഒരു തരത്തിലുള്ള കുത്തുവാക്കുകളും അപവാദ പ്രചാരങ്ങളും അവൾ ഗൗനിക്കുന്നേയില്ല. കാരണം അവൾക്ക് മുൻപിൽ ജീവിതം അതിന്റെ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അതിനോടുള്ള നിരന്തരമായ പോരാട്ടം കൂടിയാണ് അവളുടെ ദൈനംദിന ജീവിതം.

അടിസ്ഥാന വർഗ്ഗത്തിൽ നിന്നും വരുന്ന ഏതൊരു കുടുംബത്തെയും പോലെയൊരു ബുദ്ധിമുട്ടുകളാണ് മായക്കും കുടുംബത്തിനുമുള്ളതെന്ന തോന്നൽ ആദ്യ കാഴ്ചയിൽ രൂപപ്പെടുമെങ്കിലും സിനിമയുടെ ആദ്യ ആക്ടിൽ തന്നെ അത്തരമൊരു സ്വാഭാവികത സംവിധായകർ ഇല്ലാതെയാകുന്നുണ്ട്. അത്തരം ബുദ്ധിമുട്ടുകൾക്കൊപ്പം തന്നെ മറ്റ് പലതും അവരെ വേട്ടയാടുന്നുണ്ട്. മൂന്ന് പ്രധാന കഥാപാത്രങ്ങളുടെയും ക്യാരക്ടർ ആർക് വളരെ ഗംഭീരമാണ്. ഓരോ ദിവസവും പലതരം പ്രതിസന്ധികളിലൂടെയാണ് മൂന്ന് കഥാപാത്രങ്ങളും കടന്നുപോകുന്നത്. അതിനെ എങ്ങനെയാണ് മൂവരും കൈകാര്യം ചെയ്തിരിക്കുന്നത് എന്നതാണ് ഷാഡോബോക്സിനെ മനോഹരമാക്കുന്ന ഏറ്റവും വലിയ ഘടകം.

ആർമിയിൽ നിന്നും വിരമിച്ച സുന്ദർ പി.റ്റി.എസ്.ഡി (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ) എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പിന്നീട് മനസ്സിലാവുന്നുണ്ട്. അയാൾക്ക് ജോലിക്ക് പോകാനോ, സ്വന്തമായി തീരുമാനങ്ങളെടുക്കാനോ സാധിക്കുന്നില്ല. എന്നാൽ ഗവേഷണാവശ്യത്തിനായി അയാൾ തവളകളെ പിടിച്ച് കോളേജുകളിലേക്കും, യൂണിവേഴ്‌സിറ്റികളിലേക്കും കൊടുക്കാറുണ്ട്. അതിനെ സമൂഹം പലപ്പോഴും വളരെ വിചിത്രമായ ഒരു കാര്യമായാണ് കാണുന്നതെന്ന് വ്യക്തമാണ്. അയാൾ പലപ്പോഴും അതിൽ സന്തുഷ്ടനാണ്. മാത്രമല്ല സുഹൃത്തിനൊപ്പം മദ്യപിക്കാനും മറ്റും അയാൾ പണം കണ്ടെത്തുന്നത് ഇതിലൂടെയാണ്. താൻ കടന്നുപോകുന്ന അവസ്ഥകൾ കൊണ്ട്തന്നെ വലിയ രീതിയിൽ സോഷ്യൽ ആങ്ങ്സൈറ്റിയുള്ള, ട്രോമ ട്രിഗ്ഗർ ആവുന്ന, മനുഷ്യരോട് വിശ്വാസ പ്രശ്നങ്ങളുള്ള, അവരോട് എങ്ങനെ ഇടപെടണമെന്ന് പലപ്പോഴും അറിയാത്ത വ്യക്തിയാണ് അയാൾ. സുന്ദർ ഏറ്റവും സുരക്ഷിതമായിരിക്കുന്നത് വീടിനുള്ളിലും, മായ കൂടെയുള്ളപ്പോഴുമാണ്.

മായയുടെ ദൈനംദിന ജീവിതവും, വികാരങ്ങളും, ചിന്തകളും എല്ലാം കുടുംബവുമായി ബന്ധപ്പെട്ടാണ്. എങ്ങനെയും മുന്നോട്ട് പോകണം എന്ന നിശ്ചയദാർഢ്യമാണ് അവളുടെ കരുത്ത്. അവൾ പലപ്പോഴും ക്ഷീണിതയാണെന്ന് കാണാം. കെയർ ഗിവർ ആയിരിക്കുക എന്നത്, അതുമൊരു സ്ത്രീ കൂടിയായിരിക്കുമ്പോൾ, കടുംബത്തെ നോക്കേണ്ട എല്ലാ ചുമതലയും തന്നിലേക്ക് വരുമ്പോൾ എത്രത്തോളം പ്രയാസം നിറഞ്ഞതാണെന്ന് സിനിമ സംസാരിക്കുന്നു. സ്വന്തം കുടുംബത്തിൽ നിന്നും അകലം പാലിച്ചു കഴിയുന്ന മായ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും അവരുടെ സഹായത്തിനായി അഭ്യർത്ഥിക്കാറില്ല എന്നത് സിനിമയിൽ വ്യക്തമാണ്. സുന്ദറിന്റെ ജോലികാര്യത്തിന് മാത്രമാണ് അത്തരത്തിലൊരു സമീപനം അവൾ നടത്തിയത്. അതിന് ശേഷം ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമെത്തിയപ്പോഴും അവൾ ധൈര്യപൂർവ്വമാണ് അതിനെ നേരിട്ടത്.

ദെബു എന്ന സ്‌കൂൾ വിദ്യാർത്ഥി പലപ്പോഴും സമൂഹം അവനുമേൽ അടിച്ചേൽപ്പിച്ച അപകർഷതാ ബോധത്തിന്റെ ഇരകൂടിയാണ്. സ്വന്തം അച്ഛന്റെ മാനസികാവസ്ഥ അവനെ നിസ്സഹായനാക്കുന്നുണ്ട്. ഡാൻസ് കളിക്കുന്നതും, കൂട്ടുകാരുമൊത്ത് മൊബൈലിൽ ഗെയിം കളിക്കുന്നതും അവന്റെ ഇഷ്ടകാര്യങ്ങളാണ്. കൂട്ടുകാരുടെ മുന്നിലും, സ്‌കൂളിലും, പൊതുജനമധ്യത്തിലും അവന് പലപ്പോഴും തലകുനിക്കേണ്ടി വരുന്നു.

പക്ഷെ അവൻ എമ്പതറ്റിക് ആണ്. അവന്റെ സഹാനുഭൂതി പലപ്പോഴും വീടിനുള്ളിൽ പ്രകടമാണ്. പക്ഷേ അവനും പലപ്പോഴും നിസ്സഹായനാണ്. അച്ഛനോട് അവന് സ്നേഹമുണ്ട്. അത് പ്രകടമാക്കുന്ന രീതി പലപ്പോഴും വ്യത്യസ്തമാണെന്ന് മാത്രം.

കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനം

ഈ മൂന്ന് കഥാപാത്രങ്ങളെയാണ് പ്രധാനമായും ക്യാമറ ഫോക്കസ് ചെയ്യുന്നത്. അതിൽ തന്നെ മായയുടെ വൈകാരിക തലങ്ങളാണ് സിനിമയുടെ കാതൽ. ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നേരത്താണ് അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചിലത് സംഭവിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ആ സാഹചര്യത്തെ മായയും സുന്ദറും ദെബുവും പക്വതയോടെ നേരിടുന്നത്‌ തന്നെയാണ് സിനിമയെ യാഥാർത്ഥ്യവുമായി ചേർത്തുനിർത്തുന്നത്.

മായയെ അവളുടെ ജീവിത യാഥാർത്ഥ്യത്തെ, ആകുലതകളെ, പ്രതീക്ഷകളെയെല്ലാം തിലോത്തമ ഷോം അതിഗംഭീരമായാണ് അഭിനയിച്ചുഫലിപ്പിച്ചിരിക്കുന്നത്. മായയുടെയുള്ളിലെ ദേഷ്യവും, നിസഹായതയും, അനുകമ്പയും, സ്നേഹവും, പ്രതീക്ഷയും എല്ലാം സ്‌ക്രീനിൽ നമുക്ക് വ്യക്തമായി കാണാൻ തിലോത്തമയിലൂടെ കഴിയുന്നുണ്ട്. എത്രത്തോളം അവർ ആ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്നു എന്നുള്ളത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. അഞ്ച് വർഷമെന്ന നീണ്ട കാലയളവിനൊടുവിൽ ഷാഡോബോക്സ് എന്ന ചിത്രം യാഥാർത്ഥ്യമാക്കൻ തിലോത്തമ ഷോം വഹിച്ച പങ്കിനെ കുറിച്ച് സംവിധായിക തനുശ്രീ ദാസ് പറയുന്നുണ്ട്. സിനിമയുടെ പ്രൊഡകഷന്റെ കൂടി ഭാഗമായായിരുന്നു തിലോത്തമ. തിലോത്തമയോടൊപ്പം തന്നെ ഏറെ പ്രശംസയർഹിക്കുന്ന രണ്ട് പേരാണ് സുന്ദറിനെ അവതരിപ്പിച്ച ചന്ദൻ ബിഷ്ടും, ദെബുവിനെ അവതരിപ്പിച്ച സയാൻകർമ്മാക്കറും. സുന്ദറിന്റെ സൂക്ഷമമായ പല ഭാവങ്ങളും ചന്ദൻ ബിഷ്ടിൽ ഭദ്രമായിരുന്നു.

നിശബ്ദതയിലാണ് ഷാഡോബോക്സിലെ കഥാപാത്രങ്ങൾ ജീവിക്കുന്നത്. വലിയ പ്രതിസന്ധിയിലും പ്രതീക്ഷയുടെ, ചിന്തയുടെ, സ്വപ്നങ്ങളുടെ ഒരു വലിയ ദീർഘനിശ്വാസം അവരെല്ലാം പങ്കുവയ്ക്കുന്നു. സംവിധായകരിലൊരാളായ സൗമ്യാനന്ദ സഹി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. കൊൽക്കത്തയുടെ മറ്റൊരു മുഖം ചിത്രത്തിലുടനീളം കാണാൻ കഴിയും. സമൂഹത്തിലെ അസമത്വങ്ങൾ പലപ്പോഴും സൂക്ഷ്മമായി ക്യാമറ വെളിപ്പെടുത്തുന്നുണ്ട്. നിഴലുകളാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വസ്തുത. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ നിഴലുകൾക്ക് സിംബോളിക് ആയ അർത്ഥതലങ്ങളാണ് സംവിധായകർ നൽകിയിരിക്കുന്നത്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും പ്ലേസ് ചെയ്തിരിക്കുന്ന റാപ് ഗാനങ്ങളും സിനിമയുടെ ആശയതാളം വെളിവാക്കുന്നതാണ്.

ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പേഴ്സ്പെക്റ്റീവ് വിഭാഗത്തിൽ പ്രദശിപ്പിച്ച ഷാഡോബോക്സ് ഈജിപ്തിലെ എൽഗൗന ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഏഷ്യൻ നറേറ്റിവ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. മുപ്പതാമത് ഐഎഫ്എഫ്കെ അന്താരാഷ്ട മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.